തിരുവല്ല : കാവുംഭാഗം – ചാത്തങ്കരി റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതിനു പിന്നാലെ ഉപ റോഡുകൾ വെള്ളത്തിലായി. കാവുംഭാഗം – ചാത്തങ്കരി റോഡ് രണ്ടടിയോളം ഉയർത്തിയതോടെയാണ് മറ്റ് റോഡുകൾ വെള്ളത്തിനടിയിലായത്. പെരിങ്ങര – കാരയ്ക്കൽ, യമ്മർകുളങ്ങര ഗണപതിക്ഷേത്രം, കാനേകാട്ടുപടി -പുതുക്കുളങ്ങര, വായനശാല-സ്വാമിപാലം റോഡുകളാണ് ആഴ്ചകളായി വെള്ളക്കെട്ടിൽ വലയുന്നത്. കാലവർഷത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ രൂപപ്പെട്ട വെളളം പ്രദേശത്തെ പലഭാഗങ്ങളിലും ഒഴുകി മാറാതെ കെട്ടിക്കിടക്കുകയാണ്.
പെരിങ്ങര പഞ്ചായത്ത് ഓഫീസിലും വെള്ളക്കെട്ടാണ്. നേരത്തേ പെരിങ്ങര മാതകത്തിൽ തോട്ടിൽ നിന്നുള്ള വെള്ളം നിരവധി വാച്ചാലുകൾ കടന്നു കൂരച്ചാൽ മാണിക്കത്തകിടി പാടശേഖരത്തിൽ എത്തിച്ചേരുകയും അവിടെനിന്നും ഒഴുകി ചാത്തങ്കരി തോട്ടിലേക്ക് ഒഴുകിപ്പോയിരുന്നതുമാണ്. എന്നാൽ ഇന്നിപ്പോൾ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടു. നിരവധി വീടുകളും അവിടേക്കെല്ലാം വഴികളും നിർമിച്ചതോടെ പ്രശ്നം സങ്കീർണമായി. ഇതിനിടെയാണ് മറ്റു സ്ഥലങ്ങളിലെയും വെള്ളക്കെട്ട് പ്രശ്നം ഉയർന്നുവന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രദേശവാസികളുടെ പരാതിയേതുടർന്ന് പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളിലെ പ്രദേശങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാനായി സംഘം പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വെള്ളക്കെട്ട് പതിവാകുന്ന പഞ്ചായത്ത് കാര്യാലയം, പണിക്കോട്ടിൽ ഭാഗം, മറിയപ്പള്ളിൽ ഭാഗം, പെരുഞ്ചാത്ര, മുണ്ടന്താനത്ത് പടി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.