തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നു വര്‍ഷം. ഇതിനിടെ ബഷീറിന്റെ മരണത്തില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിമയിച്ചതും പിന്നീട് പിന്‍വലിച്ചതും വിവാദവുമാകുകയാണ്. ജുലൈ 26 നായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റത്. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയത് തെറ്റായ സന്ദേശം നൽകുമെന്നും നിയമലംഘകർക്ക് ഓശാന പാടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്നുമായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചാണു കെ.എം.ബഷീര്‍ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടക്കുമ്പോള്‍ ശ്രീറാമിനൊപ്പം വനിതാസുഹൃത്ത് വഫയുണ്ടായിരുന്നു. ബഷീറിന്‍റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു.
മരണം നടന്ന് വര്‍ഷം മൂന്നാകുമ്പോള്‍ ബഷീറിന്റെ മരണത്തിന് ഉത്തരവാദി എന്ന് ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നതപദവിയില്‍ തന്നെയാണ്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച തീരുമാനത്തിലാണ്കെ എം ബഷീറിന്റെ കുടുംബം.