പത്തനംതിട്ട : പോലീസ് ഡാൻസാഫ് സംഘത്തിന്റെയും പുളിക്കീഴ് പോലീസിന്റെയും സംയുക്ത നീക്കത്തിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തിരുവല്ല പൊടിയാടിയിൽ നിന്ന് മിനി ലോറിയിൽ കടത്തിയ 30 ലക്ഷത്തോളം രൂപ വില കണക്കാക്കുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവറും സഹായിയുമടക്കം രണ്ട് പേർ പിടിയിലായി. മംഗലാപുരം സ്വദേശികളായ റഫീഖ് മുഹമ്മദ് , സിറാജുദീൻ എന്നിവർ അറസ്റ്റിൽ. റഫീഖ് ആണ് വണ്ടി ഓടിച്ചിരുന്നത്.
ജില്ലാ ഡാൻസാഫ് സംഘവും പുളിക്കീഴ് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ഇന്ന് വെളുപ്പിന് 3 മണിക്കാണ് ഇവർ കുടുങ്ങിയത്. 65 ചാക്കുകളിലായിട്ടായിരുന്നു ഹാൻസ് പായ്ക്കറ്റുകളാണ് സൂക്ഷിച്ചിരുന്നത്. കെട്ടിട നിർമാണ സാമഗ്രികൾ എന്ന് തോന്നും വിധത്തിൽ പാലകകൾക്ക് അടിയിൽ കറുത്ത ടാർപ്പൊളിൻ കൊണ്ട് മൂടിയ നിലയിലാണ് ചാക്കുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. വാർക്കപ്പണിക്കുള്ള ഉരുപ്പടികൾ നിരത്തിയ മിനിലോറിയുടെ ബോഡിയിൽ മുകളിലേക്ക് തട്ട് അടിച്ച നിലയിലായിരുന്നു.
തട്ടുരുപ്പടികൾ കൊണ്ടുപോകുന്നു എന്ന വ്യാജേന വിദഗ്ദ്ധമായി കടത്തികൊണ്ടുവന്ന വാഹനത്തെപ്പറ്റി ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതികൾ സമ്മതിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗവും വില്പനയും കടത്തും തടയുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായാണ് നടപടി.കർണാടക സങ്കബേട്ട് കാൽകുറി 3-240 ൽ കെ എച്ച് ഹുസൈന്റെ മകൻ സിറാജുദീൻ, മംഗ്ലൂർ ബംഗ്ര കസബ എം ജെ എം 278 ൽ മുഹമ്മദ് താഹായുടെ മകൻ റഫീഖ് മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്.
ഡാൻസാഫ് നോഡൽ ഓഫീസർ ആയ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഉറവിടം, കൂട്ടാളികൾ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ ഇ ഡി ബിജു, എസ് ഐമാരായ കവിരാജൻ, സാജൻ പീറ്റർ,സാജു, എ എസ് ഐമാരായ സി കെ അനിൽ,എസ് എസ് അനിൽ, സി പി ഓ പ്രദീപ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ,എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ആർ.ബിനു, സുജിത്കുമാർ, വി എസ് അഖിൽ, ശ്രീരാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
എല്ലാത്തരം ലഹരിവസ്തുക്കൾക്കുമെതിരായ റെയ്ഡുകളും പരിശോധനകളും നടപടികളും തുടരുമെന്നും കുറ്റവാളികളെ അടിച്ചമർത്തുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു. ജില്ലയിൽ ഇവയുടെ വില്പന നടത്തുന്നവരെയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്നവരെയും നിരീക്ഷിക്കുന്നതിനും കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.