തിരുവനന്തപുരം : കോന്നി പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്റില്‍ മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ് ഡാനിയേല്‍ എന്ന റോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസില്‍ നിക്ഷേപകര്‍ നല്‍കിയ വഞ്ചനാകുറ്റ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് മാവേലിക്കര ജയില്‍ എത്തി റിമാന്റ് പ്രതിയായ തോമസ് ഡാനിയലിനെ കണ്ടു ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അഡ്വ. ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസിലാണ് നടപടി. തിരുവനന്തപുരം ജില്ലയില്‍ മാത്രം 85 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി.
മൂവായിരം കോടി രൂപക്ക് മുകളില്‍ തട്ടിപ്പ് നടത്തിയ ഉടമയും ഭാര്യയും മക്കളും അടക്കം 5 പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്. അട്ടക്കുളങ്ങര ജയിലില്‍ റിമാന്റിലുള്ള തോമസ്സ് ഡാനിയലിന്റെ ഭാര്യ പ്രഭ, മൂന്നു പെണ്‍മക്കള്‍ എന്നിവരുടെ അറസ്റ്റും നാളെ രേഖപ്പെടുത്തും. ഓരോ പരാതിയിലും കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശം നല്‍കിയിരുന്നു. കോടികണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതികള്‍ 21 ഷെയര്‍ കമ്പനിയിലൂടെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. മൊത്തം ഏഴു പ്രതികള്‍ ഉണ്ടെങ്കിലും എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. റോയിയുടെ മാതാവ് , റോയിയുടെ ഭാര്യാ സഹോദരന്‍ എന്നിവരാണ് പുറത്തുള്ളത്. റോയിയുടെ സഹോദരീ ഭര്‍ത്താവും ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാരനുമായ വര്‍ഗീസ് പൈനാടത്ത്, റോയിയുടെ രണ്ടു പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ എന്നിവരെ ഇനിയും പ്രതി ചേര്‍ത്തിട്ടില്ല. ഇവരെ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പെഴ്സന്‍ കോന്നി വകയാർ ഇണ്ടിക്കാട്ടിൽ എം ജെ മേരിക്കുട്ടി ഡാനിയല്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണ്. സന്ദര്‍ശക വിസയില്‍ എത്തിയ ഇവരുടെ വിസാ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇവരെ നാട്ടില്‍ എത്തിക്കുവാനുള്ള ശ്രമവും നടന്നുവരികയാണ്.