കോന്നി : തണ്ണിത്തോട് മേടപ്പാറ വടക്കേക്കരയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മേടപ്പാറ വടക്കേക്കരയിൽ വീണ്ടും കടുവയെ കണ്ടതായി അഭ്യൂഹം പരന്നത്. വനാതിർത്തയിൽ താമസിക്കുന്ന തടത്തിൽ വീട്ടിൽ പ്രകാശിന്റെ വീടിന് സമീപത്തെ വനഭാഗത്ത് പുലർച്ചെ മൂന്ന് മണിയോടെ കടുവ എത്തിയെന്നും ഇത് കാട്ടുപന്നിയെ ആക്രമിച്ചതായും പ്രദേശവാസികൾ നേരിട്ട് കടുവയെ കണ്ടെന്നും നാട്ടുകാർ പറയുന്നു.
തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയായിരുന്നു. റാന്നി എ സി എഫ് ഹരികൃഷ്ണൻ, റാന്നി റാപ്പിഡ് റെസ്പോൺസ് ടീം, ചിറ്റാർ- തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ, പെരിയാർ ടൈഗർ റിസർവ്വ് ഉദ്യോഗസ്ഥർ, ഷാർപ്പ് ഷൂട്ടർമാർ, വനംവകുപ്പ് വെറ്റിനറി ഡോക്ടർ, തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും രണ്ട് സംഘങ്ങൾ കടുവയെ കണ്ടു എന്ന് പറയപ്പെടുന്ന വനത്തിൽ രണ്ടായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കടുവ ഇറങ്ങിയതായി വനം വകുപ്പിന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞില്ല. പ്രദേശത്ത് നിന്ന് കാൽപ്പാടുകളും ലഭിച്ചില്ല. പ്രദേശത്ത് കടുവ ഇറങ്ങിയെെന്നും വനാതിർത്തിയോട് ചേർന്ന് കാട്ടുപന്നിയെ ഇത് പിടികൂടിയെന്നും കടുവയുടെ അലർച്ച കേട്ടുവെന്നും പ്രദേശവാസികളായ നാട്ടുകാർ പറയുന്നു. എന്നാൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ കടുവ ഇറങ്ങിയതായി യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ധ സംഘം പറഞ്ഞു.
കടുവ ഇറങ്ങിയതായി പറയുന്ന സ്ഥലത്ത് മരത്തിൽ കടുവ നഖം കൊണ്ട് മാന്തിയതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയ പാടുകൾ സംഘം പരിശോധിച്ചെങ്കിലും ഇതും കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞില്ല. മണിക്കൂറുകൾ നീണ്ട വനത്തിനുള്ളിലെ തിരച്ചിലിനൊടുവിൽ പ്രദേശത്ത് ഡ്രോൺ ക്യാമറ നിരീക്ഷണവും നടത്തി. എങ്കിലും കടുവയെ കണ്ടെെത്തുവാനായില്ല. കെ യു ജനീഷ് കുമാർ എം എൽ എ യും സ്ഥലത്ത് സന്ദർശനം നടത്തി. പ്രദേശത്ത് കടുവ ഇറങ്ങിയെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പ്രദേശത്ത് പത്ത് ക്യാമറകളും സ്ഥാപിച്ചു. കടുവ ഭീതി നിലനിൽക്കുന്നതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും സ്ഥലത്തെ സോളാർ വേലികൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി പുനർനിർമ്മിക്കുമെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ സമൂഹ മാധ്യമങ്ങൾ വഴിയും കടുവ ജനവാസ മേഖലയിൽ ഇറങ്ങിയതായി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. മേടപ്പാറയിൽ മാത്രമല്ല മറ്റ് പല സ്ഥലങ്ങളിലും കടുവ ഇറങ്ങിയതായി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതും ജനങ്ങളെ പരിഭ്രാന്തരാക്കി. മേയ് ഏഴിനായിരുന്നു മേടപ്പാറയിൽ യുവാവിനെ കടുവ ആക്രമിച്ച് കൊന്നത്. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ സി ഡിവിഷനിൽ റബ്ബർ സ്ലോട്ടർ കരാർ എടുത്ത് ജോലി ചെയ്ത് വന്നിരുന്ന ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യു(36)ആണ് കൊല്ലപ്പെട്ടത്. പുലിയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പിന്നീട് ഇത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.