തിരുവനന്തപുരം : പ്രായപരിധി നിര്‍ബന്ധമാക്കുന്നതിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ദേശീയ നേതൃത്വത്തിനെതിരെയും പ്രതിഷേധം കനത്തു. ദേശീയ കൗണ്‍സിലിന്റെ മാര്‍ഗ രേഖയാണ് ഇതെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. പാര്‍ലമെന്ററി രംഗത്ത് കൊണ്ടുവന്നതു പോലെയുളള മാറ്റങ്ങള്‍ സംഘടനാ തലത്തിലും വന്നാലേ സിപിഐക്ക് നിലനില്‍പ്പുള്ളൂവെന്നും കാനം പറഞ്ഞു. എന്നാല്‍ സെക്രട്ടറിയുടെ മറുപടിയും യോഗത്തെ ശാന്തമാക്കിയില്ല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഇതെന്നു പലരും ആരോപിച്ചു. ആദ്യം പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചു. ഇനി നടക്കാനിരിക്കുന്ന മണ്ഡലം സമ്മേളനങ്ങള്‍ തൊട്ടാണ് പ്രായപരിധി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളാണു പൂര്‍ത്തിയായി വരുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലും സംസ്ഥാനങ്ങളില്‍ സംഘടനയെ വളര്‍ത്തുന്നതിലും ഒരു പങ്കും വഹിക്കുന്നില്ലെന്ന വിമര്‍ശനം നേരിടുന്ന കേന്ദ്ര നേതൃത്വം അതില്‍നിന്നു ശ്രദ്ധതിരിക്കാന്‍ കൊണ്ടുവന്നതാണ് പ്രായപരിധി എന്നു ചിലര്‍ ആരോപിച്ചു. ഇതു കമ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണ്. ഓരോ ഘടകത്തിലെയും 50 % പേര്‍ 40 വയസ്സില്‍ താഴെ ഉള്ളവരാവണമെന്നാണ് ഒരു നിര്‍ദേശം. ഇത് വടക്കേ ഇന്ത്യ അല്ലെന്നും കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ സുനില്‍കുമാര്‍ എങ്ങനെ എംഎല്‍എയും മന്ത്രിയും ആയെന്ന കാര്യം ഓര്‍മിക്കണമെന്നു കാനം പറഞ്ഞു. പല തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നു പാര്‍ട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനു മത്സരിക്കാന്‍ കഴിഞ്ഞത്. മന്ത്രിമാരായും പുതുമുഖങ്ങള്‍ മതിയെന്നു നിശ്ചയിച്ചതോടെയാണു മന്ത്രി ആയത്. സംഘടനയില്‍ പുതുരക്തം വന്നാലേ പാര്‍ട്ടിക്ക് ഭാവിയുള്ളൂവെന്നു കാനം ചൂണ്ടിക്കാട്ടി. ദേശീയ കൗണ്‍സില്‍ ഏകകണ്ഠമായാണ് പുതിയ മാര്‍ഗരേഖ അംഗീകരിച്ചതെന്നും പറഞ്ഞു.
പ്രായപരിധി നടപ്പാക്കിയാല്‍ മുതിര്‍ന്ന നേതാക്കളായ കെ.ഇ ഇസ്മായിലും സി.ദിവാകരനും സംസ്ഥാന നിര്‍വാഹകസമിതിയില്‍നിന്നു പുറത്താകും. 7 ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറേണ്ടി വരും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരും പദവിയില്‍നിന്ന് ഒഴിയേണ്ടി വരും.
പുതിയ പ്രായപരിധി
ദേശീയ കൗണ്‍സില്‍ : 75
സംസ്ഥാന കൗണ്‍സില്‍ : 75
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി : 65 വയസ്സിനു താഴെയുള്ള ഒരാള്‍, 50 വയസ്സിനു താഴെയുള്ള ഒരാള്‍
ജില്ലാ, മണ്ഡലം സെക്രട്ടറിമാര്‍ : 65
ജില്ലാ അസി.സെക്രട്ടറിമാര്‍ : 60 വയസ്സിനു താഴെയുള്ള ഒരാള്‍, 40 വയസ്സിനു താഴെയുള്ള ഒരാള്‍.
കമ്മിറ്റി അംഗങ്ങള്‍ : പാര്‍ട്ടിയുടെ ഏതു ഘടകത്തിലും അംഗമായി 75 വയസ്സു വരെ തുടരാം. എന്നാല്‍ മണ്ഡലം തൊട്ട് സംസ്ഥാനം വരെ പുതിയ കമ്മിറ്റികള്‍ വരുമ്ബോള്‍ അതില്‍ പകുതി പേര്‍ 40 വയസ്സില്‍ താഴെ ഉള്ളവരായിരിക്കണം.