അതിരപ്പിള്ളി : അഞ്ചുവയസുകാരിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത ഉപരോധിക്കുന്നു. റോഡിന്റെ പലഭാഗത്തും വഴിതടയല്‍ സമരം തുടരുകയാണ്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് തടയാന്‍ ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ അച്ഛന്‍ നിഖില്‍, ബന്ധു ജയന്‍ എന്നിവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗ്നിമയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് മാള പുത്തന്‍ചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നിമിയ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ വരുന്നതിനിടയില്‍ വീടിനു സമീപത്ത് വെച്ച് ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായി ബന്ധുവീട്ടിലെത്തിയതായിരുന്നു നിഖിലും മകളും. ആനയെ കണ്ട് ഇവര്‍ ചിതറി ഓടിയെങ്കിലും ആഗ്നിമിയ നിലത്തുവീഴുകയും ആനയുടെ ചവിട്ട് ഏല്‍ക്കുകയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരുക്കേറ്റത്. ഇവരെ മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. മരിച്ച ആഗ്നിമയുടെ പോസ്റ്റുമോര്‍ട്ടവും സംസ്കാരവും ഇന്ന് നടക്കും.