സിഞ്ചിബറേസി കുടുംബത്തിൽപെട്ട കൂർക്കുമ കാസിയ എന്ന ശാസ്ത്രനാമധാരിയായ കരി മഞ്ഞൾ ഇന്ത്യൻ സ്വദേശിയായ കിഴങ്ങ് വർഗത്തിൽ പെട്ട ഔഷധവിളയാണ്. കുറ്റിച്ചെടിയായി വളരുന്നു. മഞ്ഞൾ, മരമഞ്ഞൾ, പൊടി മഞ്ഞൾ.
കസ്തൂരി മഞ്ഞൾ, ചൈന മഞ്ഞൾ എന്നിവയിൽ നിന്നും ഇവിടെ കാണപ്പെടുന്ന മറ്റ് ഇനങ്ങളിൽനിന്നും തീർത്തും വ്യത്യസ്‌തവും അമൂല്യ ഔഷധ കലവറയുമാണിത്. വളർച്ചാ കാലയളവിന്റെ അവസാനത്തിൽ ഒരിക്കൽ മാത്രം പുഷ്പിച്ച് പുനരുൽപ്പാദനം നടത്തിയ ശേഷം നശിക്കുന്നു.
പശ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കൃഷി ചെയ്തു വരുന്നു. ഛത്തീസ്ഗഢിലാണ് ഇന്ത്യയിൽ കൂടുതൽ കൃഷി. മല്ലാവാപ്പ് എന്ന പ്രാദേശിക നാമത്തിൽ അവിടെ അറിയപ്പെടുന്നു.
കാലി ഹൽദിയെന്നതാണ് ഹിന്ദി നാമകരണം. കേരളത്തിൽ ആദിവാസികൾ കാലാകാലമായി ഇവയുടെ സംരക്ഷകരായിരുന്നത്രേ. കറുത്ത മഞ്ഞൾ കൈവശമുണ്ടെങ്കിൽ ആഹാരത്തിന് മുട്ടില്ലയെന്നതാണ് പഴമൊഴി. കേരളത്തിൽ കൃഷി ആരംഭിച്ചു വരുന്നതേയുള്ളൂ പ്രചാരമായിട്ടില്ല.
വയനാട്, ഇടുക്കി മേഖലകളിലെ ആദിവാസി ഊരുകളിൽ ഈ ഔഷധ സസ്യം കാണാം. എന്നിരുന്നാലും വംശനാശം നേരിടുന്ന ഈ വിളയ്‌ക്ക് വിപണിയിൽ വൻ വിലയാണ്. ത്വക്ക് രോഗങ്ങൾ, പൈൽസ്, ഉളുക്ക്, ആസ്‌ത്‌മ തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്.
മൈഗ്രേൻപോലുള്ള വിട്ടു മാറാത്ത തലവേദനയ്‌ക്ക് കരിമഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കുമത്രേ. തൊലിപ്പുറത്തുണ്ടാകുന്ന ലുക്കോ ഡെർമ വെള്ളപ്പാണ്ട് എന്നിവ കരിമഞ്ഞൾ അരച്ച് പുരട്ടുക വഴി ഇല്ലാതാക്കാം. വാത സംബന്ധമായ വേദനകൾക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്