അമ്പലപ്പുഴ : സപ്ലൈകോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാരുടെ കടുത്തചൂഷണത്തിൽ വലയുന്ന കർഷകർക്ക് ആശ്വാസം പകർന്ന് കൃഷിവകുപ്പ്. ചരിത്രത്തിലാദ്യമായി കൃഷിവകുപ്പ് നേരിട്ട് കർഷകരിൽനിന്ന് നെല്ലുസംഭരിച്ചുതുടങ്ങി. സംഭരിക്കുന്ന നെല്ലിന്റെ വില ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലെത്തും. ആദ്യഘട്ടത്തിൽ നെല്ലുസംഭരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ കാട്ടുകോണം പാടശേഖരത്തിൽ നടപടികൾ വിലയിരുത്താൻ കൃഷിമന്ത്രി പി. പ്രസാദ് നേരിട്ടെത്തി. കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും കഠിനമായ ചൂടുമൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തരമുള്ള നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽനിന്നാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നെല്ലുസംഭരിക്കുന്നത്.
പൊതുമേഖലാസ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡാണ് സംഭരിക്കുന്നത്. ആദ്യഘട്ടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപ്പായിത്രക്കടവ്, കോലടിക്കാട്, ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് എന്നീ പാടശേഖരങ്ങളിൽനിന്നായി 450 ടൺ നെല്ലാണ് സംഭരിക്കുന്നത്. ഇതിലേക്കായി കൃഷിവകുപ്പിനു പ്രത്യേക പാക്കേജായി മൂന്നുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ വടക്കിൽ വിളവെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും മില്ലുകാർ സംഭരിക്കാതെ വന്നതോടെ കർഷകർ ദുരിതത്തിലായിരുന്നു. ഇവർ കൃഷിമന്ത്രിയെയടക്കം വിളിച്ച് വിഷമമറിയിച്ചിരുന്നു.