പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കി കാര്‍ഷിക ഉത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ക്ക് വായ്പാ ധനസഹായത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 90 കോടി രൂപാ അനുവദിച്ചു.
കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹ്രസ്വകാല വായ്പാ പദ്ധതിയായ സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയില്‍ നബാര്‍ഡ് മുഖേന കേരള ഗ്രാമീണ്‍ ബാങ്ക്, പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വഴിയാണ് വായ്പ നല്‍കുന്നത്. 6.4 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാകുന്നത്. അനുവദിച്ചു നല്‍കിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ലോണ്‍ കാലാവധി.
പഞ്ചായത്ത് തലത്തില്‍ സര്‍വീസ് ഏരിയായില്‍പ്പെടുന്ന സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേന മാത്രമാകും കര്‍ഷകര്‍ക്ക് ഈ പദ്ധതിവഴി വായ്പ ലഭിക്കുക. ഇതിനായി ജില്ലയിലുള്ള പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പറക്കോട്, പന്തളം എന്നീ ബ്ലോക്കുകളിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് തലത്തിലാണ് 90 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചത്.
വായ്പ ആവശ്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഭവനുമായി ബന്ധപ്പെട്ട് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു, കൃഷി ഡെപ്യൂട്ടി ഡറക്ടര്‍ ലൂയിസ് മാത്യു അറിയിച്ചു.