പത്തനംതിട്ട : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് പരമാവധി തരിശുഭൂമിയിലും കൃഷി ഇറക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. കേരളത്തിന്റെ ഭക്ഷ്യോത്പന്ന വിപണിയിലെ ഉത്പാദനം വര്‍ധിപ്പിക്കാനും വരുമാനവും സംരംഭങ്ങളും തൊഴിലും സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. സുഭിക്ഷകേരളം പദ്ധതിയുടെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് പദ്ധതിയുടെ ചുമതലയെന്നും യോഗം വിലയിരുത്തി.
അടൂര്‍, പന്തളം നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും സമിതി അംഗീകരിച്ചു. 4.5 കോടി രൂപയുടെ അടങ്കല്‍ തുകയില്‍ 1,49,446 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന പന്തളം നഗരസഭയുടെ പദ്ധതിയും 2.72 കോടി രൂപയുടെ 60,414 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന അടൂര്‍ നഗരസഭയുടെ പദ്ധതിയുമാണ് ആസൂത്രണ സമിതി അംഗീകരിച്ചത്. അടൂര്‍, തിരുവല്ല നഗരസഭകളുടെ കരട് മാസ്റ്റര്‍ പ്ലാന്‍ പരിശോധിക്കുന്നതിനായി ഡിപിസി ചെയര്‍പേഴ്‌സസന്റെ അധ്യക്ഷതയില്‍ സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനമായി.
എഡിഎം അലക്‌സ് പി.തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ.ആര്‍.ബി.രാജീവ് കുമാര്‍, ജെറി മാത്യു സാം, സാം ഈപ്പന്‍, ലീലാ മോഹന്‍, എലിസബത്ത് അബു, ബിനിലാല്‍, ബി.സതികുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.