കൊച്ചി: റോഡിലെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന പ്രതിപക്ഷ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം. എസ് ആർ ഐ ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. ഉന്നതബന്ധമുള്ള അഴിമതിയാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരിഗണിക്കുന്ന ഹൈക്കോടതിയിൽ നിന്ന് ഇന്ന് ഇടക്കാല ഹർജിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.