തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മിഴി തുറക്കും. എന്നാല്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷന്‍ എസ്. ശ്രീജിത്ത് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പാണ് നോട്ടീസ് നല്‍കുന്നതും പിഴയീടാക്കുന്നതും. പിറകിലിരിക്കുന്നവര്‍ക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങള്‍. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. സംസ്ഥാന വ്യാപകമായി 726 ആര്‍ട്ടിഫിഷ്യല്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 20ന് വൈകിട്ട് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ അതാത് സമയങ്ങളില്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.