തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയാനുള്ള സംവിധാനം (ഫേഷ്യല്‍ റെഗഗനേഷന്‍ സിസ്റ്റം) സ്ഥാപിക്കുന്നു. നേരത്തെ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനായി ആന്റി ഡ്രോണ്‍ സാങ്കേതിക വിദ്യ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എഐ ഉപയോഗിച്ച് ഭക്തരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ട്രെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ആന്ധ്ര പ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രം. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിനായി ഇവിടേക്ക് എത്തുന്നത്. ക്ഷേത്ര സുരക്ഷയില്‍ ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്.
ഭക്തരുടെ തീര്‍ത്ഥാടന അനുഭവവും സുരക്ഷയും മെച്ചപ്പെടുത്താനാണ് ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതെന്ന് ക്ഷേത്രം ട്രെസ്റ്റ് ബോര്‍ഡ് വ്യക്തമാക്കി. യഥാര്‍ത്ഥ തീര്‍ത്ഥാടകരെ കണ്ടെത്തുന്നതിനും സുഖമമായിദര്‍ശനം നടത്തുന്നതിനുമാണ് ക്ഷേത്രസമിതി ഈ സാങ്കേതികവിദ്യകള്‍ വിന്യസിക്കുന്നതെന്ന് ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ.ശ്യാമള റാവു പറഞ്ഞു. ആള്‍മാറാട്ടം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ തടയുന്നതിനും താമസ സൗകര്യം, പ്രവേശന നിയന്ത്രണം എന്നിവ എളുപ്പമാക്കുന്നതിനും ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കുമെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ വ്യക്തമാക്കി. തീര്‍ത്ഥാടന അനുഭവവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിനായി ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഇനിയും പ്രയോജനപ്പെടുത്തുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ഇവ നടപ്പാക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് സമയബന്ധിതമായി ദര്‍ശന ടോക്കണുകള്‍ നല്‍കും. കൂടാതെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തരുടെ മുഖം പകര്‍ത്തും. ഒരു തീര്‍ത്ഥാടകന്റെ ചിത്രം പകര്‍ത്തിക്കഴിഞ്ഞാല്‍ നേരത്തെ സന്ദര്‍ശിച്ചവരുടെ 30 ദിവസത്തെ ഡാറ്റയുമായി ഇത് ഒത്തുനോക്കും. ഏകദേശം 10 ലക്ഷം ചിത്രങ്ങള്‍ ഉപയോഗിച്ച് അത് ക്രോസ്-ചെക്ക് ചെയ്യും. ഇതിലൂടെ ഡ്യൂപ്ലിക്കേറ്റ് ബുക്കിംഗുകള്‍ ഇല്ലാതാക്കാന്‍ കഴിയും. അതുവഴി കൂടുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്താനും സാധിക്കും. ഭക്തരുടെ ക്യൂ, കമ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങി തിരുമല ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള തീര്‍ത്ഥാടകരുടെ എണ്ണം ട്രാക്ക് ചെയ്യുന്നതിനും എഐ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും.