തിരുവനന്തപുരം :കോണ്‍ഗ്രസിലെ പുനഃസംഘടനയ്ക്കും യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തലസ്ഥാനത്തെത്തി. കെപിസിസി ഭാരവാഹികളുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തും. നാളെ 140 മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുമായി താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തും. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം വൈകാതെ ഉണ്ടായേക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയം വിലയിരുത്തുന്നതിനായി കെപിസിസി ഭാരവാഹി യോഗം ഇന്ന് ചേരും. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി താരീഖ് അന്‍വര്‍ കുടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടില്‍ അന്തിമ ചര്‍ച്ചയും നടക്കും. തുടര്‍നടപടികളുടെ ഭാഗമായി ഡിസിസി തലം വരെയുള്ള സ്ഥാനമാറ്റങ്ങളിലടക്കം തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്കും യുഡിഎഫ് ചെയര്‍മാന്‍
സ്ഥാനത്തേക്കും ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കും.
മുഖ്യധാരയില്‍ ഉമ്മന്‍ചാണ്ടി വേണമെന്ന യുഡിഎഫ് ഘടക കക്ഷികളുടെ അഭിപ്രായം കണക്കിലെടുത്താണ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഒന്നിച്ച് കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെയും അഭിപ്രായം. പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ ഇല്ലാതാക്കാനും സോഷ്യല്‍ ഗ്രൂപ്പുകളെ അടുപ്പിക്കാനും പ്രമുഖരുമായി താരിഖ് അന്‍വര്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തിയേക്കും. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനത്തിലും ചടുലമായ നീക്കങ്ങള്‍ക്ക് യോഗം രൂപം നല്‍കും.