പത്തനംതിട്ട : ഭിന്നശേഷി കുട്ടികളുടെ അറിവും കഴിവും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷം ഉണര്‍വ്2023 ന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള ഭിന്നശേഷികുട്ടികള്‍ക്കു വേണ്ട പ്രോത്സാഹനം നല്‍കി സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരണം. ഇതിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഭിന്നശേഷിക്കാര്‍ക്കു ജോലിയില്‍ നാലു ശതമാനം സംവരണം, വിദ്യാഭ്യാസപുരോഗതിക്കു സ്‌കോളര്‍ഷിപ്പ്, ചികിത്സാ ധനസഹായം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങി ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. അടിസ്ഥാനസൗകര്യവികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഭിന്നശേഷി ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനായി ധാരാളം പരിപാടികള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായികമേള നടന്നു. ഡിസംബര്‍ മൂന്നിന് കലാ പരിപാടികളും സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാധ്യക്ഷന്‍ ആര്‍ അജിത് കുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, സീനിയര്‍ സൂപ്രണ്ട് ജെ ഷംലാ ബീഗം, ഗവ. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീനാ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു.