തിരുവനന്തപുരം : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമ സേന ആസ്ഥാനമായ ആക്കുളത്തും, ശംഖുമുഖം വ്യോമ സേന കേന്ദ്രത്തിലും യൂണിറ്റി റണ്‍ സംഘടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ ഏഴര കിലോമീറ്റര്‍ നീണ്ട കൂട്ടയോട്ടത്തില്‍ വ്യോമ സേനാംഗങ്ങളും സിവിലിയന്‍ ജീവനക്കാരും, അവരുടെ കുടുംബാംഗങ്ങളും അത്യന്തം ആവേശത്തോടെ പങ്കെടുത്തു.
ആക്കുളത്തെ വ്യോമസേനാ ആസ്ഥാനത്ത് ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ചലപതിയും ശംഖുമുഖം ബീച്ചില്‍ തിരുവനന്തപുരം വ്യോമ സേന സ്റ്റേഷന്‍ കമാണ്ടറും യൂണിറ്റി റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങില്‍ ടോക്യോയില്‍ നടന്ന 2020 ലെ ഒളിംപിക്സില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച വ്യോമസേനാ ഉദ്യോഗസ്ഥരായ സെര്‍ജന്റ് നിര്‍മല്‍ ടോം സെര്‍ജന്റ് അലക്സ് ആന്റണി എന്നിവരെ ദക്ഷിണ വ്യോമ സേന മേധാവി ആദരിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം “ആസാദി കാ അമൃത് മഹോത്സവ്” എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായാണ് യൂണിറ്റി റണ്‍ സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തത്തോടെ ഇന്ത്യയിലെ എല്ലാ വ്യോമസേനാതാവളങ്ങളിലും യൂണിറ്റി റണ്‍ സംഘടിപ്പിച്ചതിലൂടെ യൂണിറ്റി റണ്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല.