ഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചയാള്‍ക്ക് വിലക്ക്. യാത്രക്കാരനെ എയര്‍ ഇന്ത്യ 30 ദിവസത്തേക്കാണ് വിലക്കിയത്. ഇക്കാര്യം ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയെ അറിയിക്കുകയും ചെയ്തു. മദ്യപിച്ചെത്തി സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിഷയം നിയമ നിര്‍വ്വഹണ ഏജന്‍സികളെയും അധികാരികളെയും സഹായിക്കാന്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അന്വേഷിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. യാത്രക്കാരിയുമായും അവരുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് സംഭവം. സഹയാത്രക്കാരിയായിരുന്ന 70കാരിയുടെ നേരെയാണ് യുവാവ് മൂത്രമൊഴിച്ചത്. പരാതിപ്പെട്ടിട്ടും ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. എയര്‍ ഇന്ത്യ 102 വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. ഉച്ചഭക്ഷണം വിതരണം ചെയ്തതിന് തൊട്ട് പിന്നാലെയായിരുന്നു ദുരനുഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകള്‍ ഓഫ് ആയപ്പോള്‍ മദ്യപിച്ച ഒരാള്‍ സീറ്റിനടുത്ത് എത്തി പാന്റ്സിന്റെ സിപ്പ് തുറന്ന് സ്ത്രീയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവം ക്യാബിന്‍ ക്രൂവിനെ അറിയിച്ചതായി എഴുപതുകാരി പറഞ്ഞു. ക്രൂ അംഗങ്ങള്‍ സ്ത്രീയ്ക്ക് വസ്ത്രങ്ങളും ചെരുപ്പുകളും നല്‍കി സീറ്റിലേക്ക് മടക്കി അയക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ജീവനക്കാരുടെ അലംഭാവം ഉള്‍പ്പെടെ പരാമര്‍ശിച്ച് 70കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തെഴുതിയിരുന്നു. ക്യാബിന്‍ ക്രൂവിന്റെ പെരുമാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച അവര്‍ കുറ്റക്കാരനായ യുവാവിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.