ന്യൂഡല്‍ഹി: തുര്‍ക്കിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുര്‍ക്കി കമ്പനിയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റുകള്‍ പോലുള്ള വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നത് ടര്‍ക്കിഷ് ടെക്‌നിക് എന്ന കമ്പനിയാണ്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തുര്‍ക്കി കമ്പനിയ്ക്കു പകരം സേവനത്തിനായി മറ്റ് എംആര്‍ഒകളെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്ത തുര്‍ക്കി അന്നുമുതല്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി കമ്പനിയായ ചെലബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറന്‍സ് ലൈസന്‍സ് ബിസിഎഎസ് റദ്ദാക്കിയിരുന്നു.എയര്‍ ഇന്ത്യയുടെ ബി777, ബി787 എന്നീ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് ടര്‍ക്കിഷ് ടെക്‌നിക് ചെയ്തുവന്നിരുന്നത്.
ഇന്ത്യയില്‍ തന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നും തത്കാലം മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്നും കാംപ്‌ബെല്‍ അറിയിച്ചു. നിലവില്‍ 64 വൈഡ്-ബോഡി വിമാനങ്ങളുള്‍പ്പെടെ 191 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്കുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഓഗസ്റ്റ് 31 വരെ പാട്ടത്തിനെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ മേയ് 30ന് അന്തിമാനുമതി നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ പാട്ടക്കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.