മസ്കത്ത്: മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.15ന് പുറപ്പെടേണ്ട ഐ.എക്സ് 554 വിമാനമാണ് വൈകുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം പുറപ്പെടുമെന്നാണ് യാത്രകാർക്ക് നൽകിയ വിവരം. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. നേരത്തെ തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയിരുന്നു. ഈ വിമാനം വൈകുന്നതാണ് മസ്കത്തിൽനിന്നും തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെടാൻ താമസിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാകുന്നത്.
രാവിലെ 10.30ന് വിമാനം പുറപ്പെടാനിരിക്കെയാണ് കാബിനിൽ പുക ഉയർന്നത്. യാത്രക്കാർ പരിഭ്രാന്തരായി ബഹളംവെച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് വിവരം കൈമാറുകയായിരുന്നു. ഉടൻ അഗ്നിരക്ഷ സേനയും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 142 യാത്രക്കാരുമായുള്ള മസ്കത്ത് വിമാനം രാവിലെ 8.30 നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെടാൻ ഒരുങ്ങിയത്. അപ്പോഴാണ് കാബിനിലെ പുക പരിഭ്രാന്തി സൃഷ്ടിച്ചത്.