ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും വിമാന ഗതാഗതം സാധാരണ നിലയിലായില്ല. വെള്ളിയാഴ്ച 75ഓളം വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവർത്തനം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വിമാനത്താവളങ്ങളിലും വെള്ളിയാഴ്ച സർവീസുകൾ മുടങ്ങി. കരിപ്പൂരില്‍ ആറ് സര്‍വിസുകളാണ് റദ്ദാക്കിയത്. പുലര്‍ച്ച 1.05ന് പുറപ്പെടേണ്ടിയിരുന്ന ദുബൈ, രാവിലെ എട്ടിനുള്ള റാസല്‍ഖൈമ, 8.25നുള്ള ദുബൈ, ഒമ്പതിന് പോകേണ്ട കുവൈത്ത്, 9.35നുള്ള ദോഹ, 10.30ന് പുറപ്പെടേണ്ട ബഹ്‌റൈന്‍ വിമാനങ്ങളാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും റദ്ദാക്കിയത്. സമരത്തെ തുടര്‍ന്ന് മുടങ്ങിയ യാത്രക്കാരെ വരും ദിവസങ്ങളിലെ വിമാന സര്‍വിസുകളില്‍ കൊണ്ടുപോകുമെന്നും ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടവര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് വൈകീട്ട് മസ്കത്തിലേക്കുള്ള സര്‍വിസും രാത്രി ഷാര്‍ജയിലേക്കുള്ള സര്‍വിസും മുടങ്ങി. ബംഗളൂരു, ഹൈദരാബാദ് സര്‍വിസുകളും റദ്ദാക്കി. അതേസമയം, ശനിയാഴ്ച പുലർച്ച 5.10ന് തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് എയർ ഇന്ത്യ പ്രത്യേക സര്‍വിസ് നടത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എട്ട് സര്‍വിസുകള്‍ റദ്ദാക്കി. ദുബൈ, അബൂദബി, ഷാര്‍ജ, ദമ്മാം, മസ്‌കത്ത്, റിയാദ്, റാസല്‍ഖൈമ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസാണ് റദ്ദാക്കിയത്. ശനിയാഴ്ച പുലർച്ചെ 5.15നുള്ള ദമ്മാം സർവിസും റദ്ദാക്കിയിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം നഷ്ടപരിഹാരം ഉൾപ്പെടെ 30 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ടാറ്റ ഗ്രൂപ്പിെന്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിെന്റ വക്താവ് പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി മുതൽ കാബിൻ ക്രൂവിലെ ഒരു വിഭാഗം നടത്തിയ പണിമുടക്ക് വ്യാഴാഴ്ച വൈകീട്ടാണ് പിൻവലിച്ചത്. 170ലധികം വിമാനങ്ങളാണ് സമരംമൂലം റദ്ദാക്കേണ്ടി വന്നത്. ഒത്തുതീർപ്പിെന്റ ഭാഗമായി, പണിമുടക്കിയ 25 ജീവനക്കാർക്ക് നൽകിയ പിരിച്ചുവിടൽ നോട്ടീസ് പിൻവലിച്ചിരുന്നു. വ്യാഴാഴ്ച 100ൽ താഴെ വിമാനങ്ങൾ മാത്രമാണ് റദ്ദാക്കിയതെന്നും വെള്ളിയാഴ്ച 75ഓളം വിമാനങ്ങൾ റദ്ദാക്കിയെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച 45-50 വിമാനങ്ങൾ റദ്ദാക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ദിവസേന 380 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. മാനേജ്മെന്റിെന്റ കെടുകാര്യസ്ഥതയിലും ജീവനക്കാരോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം ജീവനക്കാർ കൂട്ട മെഡിക്കൽ ലീവ് എടുത്ത് സമരം നടത്തിയത്.