തിരുവനന്തപുരം: നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിൻറെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിൻറെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്. . എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഒമാനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുത്തെത്താൻ ശ്രമിച്ച ഭാര്യയടക്കമുള്ളവർക്ക് അതിന് സാധിക്കാതിരുന്നത് എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയത്. നഷ്ടപരിഹാരം വേണമെന്ന് കാട്ടി കുടുംബം എയർ ഇന്ത്യ എക്സ്പ്രസിന് മെയിലും അയച്ചിരുന്നു. ഈ മെയിലിനോടാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂർച്ഛിച്ച് രാജേഷ് മരിച്ചത്. നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിൻറെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിൻറെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസിൻറെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നതടക്കമുള്ള കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ നമ്പി രാജേഷിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ രംഗത്തെത്തിയത്.