മുംബൈ: ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടാകുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യക്കും അമേരിക്കക്കുമിടയിൽ സർവീസ് നടത്തുന്ന 60 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ബുക്ക് ചെയ്ത യാത്രക്കാർക്ക് തീയതി മാറ്റാനും മറ്റ് എയർലൈനുകളിൽ യാത്ര ചെയ്യാനും റീഫണ്ട് ആവശ്യപ്പെടാനും സൗകര്യമൊരുക്കിയെന്നും ബന്ധപ്പെട്ട യാത്രക്കാരെ വിവരം അറിയിച്ചതായും എയർലൈൻ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽ എയർ ഇന്ത്യയുടെ തീരുമാനം ആശങ്ക സൃഷ്ടിച്ചു.
ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.