പത്തനംതിട്ട : ഇന്ത്യയുടെ പൊതു മേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികൾ സ്വകാര്യ കമ്പിനികൾക്ക് വിൽപ്പന നടത്തുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ ഓഹരികൾ പൂർണ്ണമായി വിൽക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അയച്ച നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് എയര്‍ ഇന്ത്യ വില്പനയും. വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയവും സേവന പാരമ്പര്യവുമുള്ള എയർ ഇഡ്യ നഷ്ടത്തിലായത് കേന്ദ്ര സർക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും കെടുകാര്യസ്ഥതമൂലമാണ്. കമ്പനിയെ ലാഭകരമാക്കി പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾക്ക് പകരം മുഴുവൻ ഓഹരികളും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത് ആസൂത്രിത ഗൂഢാലോചനയും അഴിമതിയുമാണ്. ഇൻഡ്യക്കാരുടെ സ്വന്തം വിമാനക്കമ്പനിയായ എയർ ഇൻഡ്യയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നല്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.