ന്യൂഡല്‍ഹി : ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗതരംഗം പിടിച്ചെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള വിസ്താര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് എയര്‍ ഇന്ത്യ തുടക്കം കുറിച്ചത്. എയര്‍ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ അനുമതി തേടി ആന്റി ട്രസ്റ്റ് റഗുലേറ്റര്‍ കമ്മീഷനെയും എയര്‍ ഇന്ത്യ സമീപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ വിസ്താര എയര്‍ലൈന്‍സില്‍ ആണ് ഇപ്പോള്‍ ടാറ്റാ സണ്‍സിന് കണ്ണുള്ളത്.
നിലവില്‍ വിസ്താരയുടെ 51% ഓഹരികള്‍ ടാറ്റാ സണ്‍സിന്റെ കൈവശവും 49% ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശവുമാണുള്ളത്. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 97.9% ഇടിവാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നേരിട്ടത്. എയര്‍ ഇന്ത്യയുടെ നഷ്ടമാകട്ടെ 5422 കോടി രൂപയും. ഈ സാഹചര്യത്തിലാണ് വിസ്താരയെ പൂര്‍ണമായും സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തിനുള്ളില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര വിമാനയാത്രാ വരുമാനത്തിന്റെ 18.7% ലഭിച്ചത് വിസ്താരയ്ക്കാണ്. ലയനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ 2023 ഡിസംബര്‍ വരെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ലയനത്തിന്റെ സൂചന നല്‍കിയാണ് മുന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സ്‌കൂട്ടിന്റെ സിഇഒ ആയിരുന്ന കെമ്പെല്‍ വില്‍സണെ എയര്‍ ഇന്ത്യ സിഇഒ ആക്കിയത്. എയര്‍ ഏഷ്യ ഇന്ത്യയുടെ നല്ലൊരു വിഭാഗം ഓഹരികളും ടാറ്റാ സണ്‍സിന്റെ ഉടമസ്ഥതയില്‍ ആണ്. മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ ഉപകമ്പനി എയര്‍ ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റാ സണ്‍സ് ആന്റി ട്രസ്റ്റ് റഗുലേറ്റര്‍ കോമ്പറ്റീഷന്‍ കമ്മീഷന്റെ അനുമതി തേടിയിരുന്നു.