തിരുവനന്തപുരം : കാര്‍ഗോ സൗകര്യം പ്രയോജനപ്പെടുത്തി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് എതിര്‍പ്പുമായി എയര്‍പോര്‍ട്ട് അധികൃതര്‍. മൃതദേഹവുമായി ബന്ധപ്പെട്ട രേഖകളും മറ്റും 48 മണിക്കൂര്‍ മുമ്പ് ലഭിച്ചിരിക്കണം എന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ ഉത്തരവ്. അടിയന്തരമായി ഇത് പിന്‍വലിക്കണമെന്നാണ് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ആവശ്യം.
മൃതദേഹവുമായി ബന്ധപ്പെട്ട രേഖകളും എംബാമിങ്ങ് സര്‍ട്ടിഫിക്കറ്റും 48 മണിക്കൂര്‍ മുമ്പ് ലഭിക്കണമെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഡയറക്ടര്‍ നേരത്തെ പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. അന്യായമായ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി ഉത്തരവും പുറപ്പെടുവിച്ചതാണ്. അതിനിടയിലാണ് പുതിയ സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും സമാനമായ ഉത്തരവുമായി എയര്‍പോര്‍ട്ട് ആരോഗ്യ വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
എംബാമിങ്ങ് കഴിഞ്ഞ ഉടന്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്ന പതിവാണുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം എംബാമിങ്ങ് പൂര്‍ത്തീകരിച്ച മൃതദേഹം വീണ്ടും ഗള്‍ഫില്‍ തന്നെ സൂക്ഷിക്കേണ്ടി വരും. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി പറഞ്ഞു. ഇത്തരം സര്‍ക്കുലറുകള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തു വരണമെന്ന ആവശ്യവും ശക്തമാണ്.യാത്രാവിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിരിക്കെ കാര്‍ഗോ മുഖേനയാണ് മൃതദേഹങ്ങള്‍ ഇപ്പോള്‍ നാട്ടിലേക്ക് അയക്കുന്നത്.