ഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബിഡില്‍ കേരളത്തിന് യോഗ്യതയുണ്ടായില്ലെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവളം 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് പാട്ടത്തിന് നല്‍കിയതിനെതിരെ കേരളം ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
‘സമാന്തര കഥകള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ ക്യാംപെയിന്‍ തുടങ്ങിയിരിക്കുകയാണ്.’-കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ കേന്ദ്ര മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ബിഡ് യോഗ്യത നേടിയ ബിഡ്ഡിനേക്കാള്‍ 10 ശതമാനം കുറഞ്ഞ നിരക്കിലായിരുന്നു എന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ബിഡ് ചെയ്തവര്‍ക്ക് വിമാനത്താവളം അനുവദിച്ചു. രണ്ട് ബിഡുകളും തമ്മില്‍ 19.64 ശതമാനം വ്യത്യാസമുണ്ടായിരുന്നു.- മന്ത്രി വ്യക്തമാക്കി.
ഒരു യാത്രക്കാരന് 168 രൂപയായിരുന്നു അദാനിയുടേത്. കെഎസ്‌ഐഡിസിയുടെത് ഒരു യാത്രക്കാരന് 135 രൂപയും. ബിഡില്‍ മൂന്നാമത് എത്തിയവരുടെ ക്വാട്ട് 63 രൂപയായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് കേരളത്തിന് യോഗ്യതയില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചതാണ്. ഈ വസ്തുതകളെല്ലാം പൊതുവായി ലഭ്യമാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ആവശ്യം തള്ളി അദാനിക്ക് നല്‍കിയ തീരുമാനം വന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.