ദോഹ : ഇന്ത്യ- ഖത്തർ എയർ ബബ്ൾ കരാർ പുതുക്കുന്നതിലെ കാലതാമസം പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണു ജൂലൈ മാസത്തേക്കുള്ള കരാർ പുതുക്കി പ്രശ്‌നങ്ങൾ പരിഹരിച്ചത്. കരാർ കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച അർധരാത്രിയോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
തുടർന്നു നൂറു കണക്കിനു യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ റദ്ദാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്നു 2020 ജൂലൈ 18 മുതലാണ് ഇന്ത്യയിൽ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള എയർ ബബ്ൾ കരാർ പ്രാബല്യത്തിലായത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിലാണു കരാർ.
എയർ ബബ്ൾ പ്രകാരം ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ് പ്രസ്സ് , ഇൻഡിഗോ വിമാനങ്ങളാണ് ഇന്ത്യ-ഖത്തർ-ഇന്ത്യ സർവീസ് നടത്തുന്നത്. ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർ, ഖത്തര്‍ പാസ്പോർട്ടുള്ള ഒസിഐ കാർഡ് ഉടമകൾ, നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഇന്ത്യൻ വീസയുള്ള ഖത്തര്‍ പൗരന്മാർ എന്നിവർക്കാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കു യാത്രാനുമതി. ഖത്തര്‍ പൗരന്മാർ, ഖത്തർ വീസയുള്ള ഇന്ത്യക്കാർ എന്നിവർക്കാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് അനുമതിയുള്ളത്.
അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ പ്രവാസികൾക്കു മാത്രമാണു ഖത്തറിലേക്കു മടങ്ങിയെത്താൻ അനുമതി. ഇവർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുകയും വേണം. നിലവിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയിൽ നിന്നെത്തുന്ന വാക്‌സീനെടുത്തവർ ഉൾപ്പെടെയുളള എല്ലാ യാത്രക്കാരും ദോഹയിലെത്തി പത്തു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.