കരിപ്പൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള സർവീസുകളിൽ അഞ്ചിരട്ടി വരെ വർധന വരുത്തി. സ്‌കൂൾ മധ്യവേനലവധി, പെരുന്നാൾ, വിഷു എന്നിവ മുന്നിൽക്കണ്ടാണ് ടിക്കറ്റ്‌നിരക്ക് വർധന. പ്രവാസികൾ കൂടുതലുള്ള ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്കിൽ വൻ വർധനയാണ് വരുത്തിയത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് നിരക്ക് 21,000 രൂപയായിരുന്നത് 39,921 രൂപയായി. വിഷുദിനത്തിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ 43,916 രൂപയാണ് ഈടാക്കുക.
കോഴിക്കോട്-ദുബായ് നിരക്കും നാലിരട്ടി വർധിപ്പിച്ചു. 90,00-10,000ത്തിനും ഇടയിൽ ലഭ്യമായിരുന്ന ടിക്കറ്റിന് 33,029 രൂപമുതൽ 42,000 രൂപവരെ നൽകണം. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിൽനിന്ന് 12,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്നത് 40,000 മുതൽ 60,000 വരെയായി ഉയർന്നു.നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് സെക്ടറുകളിലേക്കുള്ള നിരക്കിലും വർധനയുണ്ട്. നിലവിൽ 10,000-നും 12,000-ത്തിനും ഇടയിൽ ലഭിച്ചിരുന്ന ടിക്കറ്റിന് 18,070 മുതൽ 52,370 രൂപവരെ നൽകണം. ദുബായ്-കണ്ണൂർ നിരക്കും എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ വർധിപ്പിച്ചു. 31,523 രൂപ വരെയാണ് നിരക്ക് ഉയർത്തിയത്.
പെരുന്നാളിന്റെ അടുത്ത ദിവസങ്ങളിൽ 52,143 രൂപയും വിഷുദിവസം 57,239 രൂപയും നൽകണം. ദുബായ്-നെടുമ്പാശ്ശേരി ടിക്കറ്റ്നിരക്ക് 25,835 മുതൽ 38,989 രൂപ വരെയായി ഉയരും. 30-ന് 49,418 രൂപ നൽകണം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്തിരുവനന്തപുരം നിരക്ക് 29-ന് 62,216 രൂപയാണ്. വിഷുകഴിയുംവരെ 40,000-ത്തിന് മുകളിലാണ് നിരക്ക്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ജിദ്ദ-കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം നിരക്കും വർധിക്കും. 39,921 മുതൽ 53,575 രൂപവരെ വർധിക്കും. 15,000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. അതേസമയം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് നിരക്ക് വർധനയില്ല. മിക്ക മേഖലകളിലും ടിക്കറ്റുകൾ ലഭ്യമല്ലാതെയായിട്ടുമുണ്ട്.