കൊല്ലം: ആര്‍എസ്‌എസ് ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച ചടങ്ങിലാണ് കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി പങ്കെടുത്തത്. സിപിഐ(എം) പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആരോപണമുണ്ട്.
സേവാഭാരതിയുടെ ഗ്രാമ വൈഭവം ഫലവൃക്ഷ തൈനടീല്‍ യജ്ഞത്തിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്നലെയാണ് ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചത്. എംഎല്‍എയുടെ വസതിയില്‍ നടന്ന ചങ്ങില്‍ ആരോഗ്യ ഭാരതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വാബ സജീവ്, ആര്‍എസ്‌എസ് ജില്ലാ സംഘചാലക് ആര്‍ ദിവാകരന്‍, സേവാഭാരതി താലൂക്ക് സെക്രട്ടറി എന്‍ സജികുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐഷാ പോറ്റി എംഎല്‍എ രംഗത്തെത്തി. തന്റെ വീട്ടില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി മരം നടുകയായിരുന്നുവെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് വൃക്ഷത്തൈ നട്ടത്. ഇത് വിവാദമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷീണം ഉണ്ടാക്കിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതികരണം.