കവരത്തി: ലക്ഷദ്വീപിലെ ‘മഹല്‍ ഭാഷ’ പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായക ഐഷ സുല്‍ത്താന. ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ആദ്യം നാട്ടിലെ പ്രസ് പൂട്ടിച്ചെന്നും ഇപ്പോള്‍ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലര്‍ജിയാണോ എന്നും ഐഷ സുല്‍ത്താന ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് മഹല്‍ ഭാഷ. ഈ ഭാഷയെ ഇല്ലാതാക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. മിനിക്കോയി സ്‌കൂളില്‍ പഠിപ്പിക്കുന്ന മഹല്‍ഭാഷ എന്നന്നേക്കുമായി എടുത്തുകളയണമെന്നാണ് ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവ്. മിനിക്കോയി ദ്വീപുകാര്‍ക്ക് അവരുടെ ഭാഷ വരുംതലമുറകള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുളള എന്ത് അവകാശമാണ് സര്‍ക്കാരിനുളളത്? ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കാണ് അവകാശം? ഇന്ത്യന്‍ ഭരണഘടനയില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി എന്താണ് ലക്ഷദ്വീപ് ഗവണ്‍മെന്റ് മനസിലാക്കിവെച്ചിരിക്കുന്നത്?-ഐഷ സുല്‍ത്താന ചോദിച്ചു.