തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ കേരളത്തിലെ 14 ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കും. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയടക്കം പങ്കെടുക്കുന്ന മഹാ സമ്മേളനത്തോടെ ശംഖുമുഖത്ത് യാത്ര സമാപിക്കും. മഹാറാലിയോടെയാകും യാത്ര സമാപിക്കുന്നത്.
കഴിഞ്ഞ കുറെക്കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വിവിധ മുന്നണികളും രാഷ്ട്രീയ കക്ഷികളും കേരള യാത്ര നടത്താറുണ്ടെങ്കിലും കാര്യമായ വാര്‍ത്താ പ്രാധാന്യം ലഭിക്കാറില്ലായിരുന്നു. എന്നാല്‍ ഐശ്വര്യ കേരളയാത്ര ആ തത്വം തിരുത്തിക്കുറിച്ചു. യാത്ര കാസര്‍കോടുനിന്നും തുടങ്ങി തിരുവനന്തപുരത്ത് എത്തുന്നതുവരെ കൃത്യമായ ഇടവേളകളില്‍ പുതിയ പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസ്
നേതാക്കള്‍ക്കായി.
സംഘടനയെ ഉത്തേജിപ്പിക്കുക, എതിര്‍പക്ഷത്തെ രാഷ്ട്രീയമായി വെട്ടിലാക്കുക എന്നീ ലക്ഷ്യങ്ങളാണു നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജാഥകള്‍ക്കു പൊതുവില്‍ ഉളളത്. ഈ രണ്ടു തലത്തിലും ഐശ്വര്യ കേരള യാത്ര വന്‍ വിജയമായിരുന്നു. ജാഥ തുടങ്ങുന്ന അന്നുതന്നെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം വലിയ ചര്‍ച്ചയായി.
ആദ്യം ഇതിനോട് സിപിഎം പ്രതികരിച്ചില്ല. തൊട്ടുപിന്നാലെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം നടത്തി. ഒപ്പം കരടു നിയമവും അദ്ദേഹം അവതരിപ്പിച്ചു.
ഒടുവില്‍ ആ വിഷയത്തിന് മറുപടി പറയുകയും തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോക്കം പോകേണ്ട സ്ഥിതിയിലും യുഡിഎഫ് എല്‍ഡിഎഫിനെ എത്തിച്ചു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പിന്‍വാതില്‍ നിയമനവും തുടര്‍വിവാദങ്ങളും കൂടുതല്‍ പ്രതിരോധത്തിലാക്കി. എ വിജയരാഘവന്റെ യാത്രയിലുടനീളം ഇതിനു വിശദീകരണം നല്‍കേണ്ടിവന്നു.
ഐശ്വര്യ കേരളയാത്ര മധ്യകേരളത്തിലേക്ക് എത്തിയതോടെ മാണി സി കാപ്പന്‍ ഇടതു മുന്നണി വിട്ടതും യുഡിഎഫിലെത്തിയതും ചര്‍ച്ചയായി. ദിവസങ്ങളോളം ചാനലുകളുടെ പ്രൈം ടൈമില്‍ കാപ്പനും യുഡിഎഫും എല്‍ഡിഎഫും നിറഞ്ഞതും യാത്രയുടെ നേട്ടമായി. ഇതിനു പുറമെയാണ് പല സിനിമാ താരങ്ങളും കോണ്‍ഗ്രസില്‍ എത്തിയത്.
മേജര്‍ രവി തൃപ്പൂണിത്തുറയിലും രമേഷ് പിഷാരടി ഹരിപ്പാടും യാത്രയുടെ ഭാഗമായി. ഇടവേള ബാബുവും പാര്‍ട്ടിയില്‍ എത്തി. കൂടുതല്‍ നടന്‍മാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് നടനും കോണ്‍ഗ്രസുകാരനുമായ ധര്‍മ്മജന്റെ പക്ഷം.
അതിനിടെ പിന്‍വാതില്‍ നിയമന വിവാദവും സെക്രട്ടേറിയറ്റ് നടയിലെ പിഎസ്സി റാങ്ക് പട്ടികയിലുളളവര്‍ ആരംഭിച്ച സമരവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം വഴി തിരിച്ചുവിട്ടു. താല്‍ക്കാലിക നിയമനങ്ങള്‍ക്കെതിരെ വലിയ വികാരമുണര്‍ത്തിയതോടെ 10 വര്‍ഷം താല്‍ക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നതു മാനുഷിക പരിഗണനയുടെ പേരിലാണെന്നു വാദിച്ച പാര്‍ട്ടിയും സര്‍ക്കാരും കരണം മറിഞ്ഞ് ആ പരിപാടി നിര്‍ത്തി.
തലസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥനും അനിശ്ചിതകാല നിരാഹാരം തുടങ്ങിയത് നിര്‍ണായക നീക്കമായി. ഒടുവില്‍ യാത്ര കൊല്ലത്തെത്തിയതോടെ രമേശ് ചെന്നിത്തല പൊട്ടിച്ച ആഴക്കടല്‍
ബോംബിന്റെ കുരുക്കിലാണ് സര്‍ക്കാരിപ്പോള്‍.
കേരളത്തിന്റെ തീരദേശം വില്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം തെളിവു സഹിതം ഉന്നയിച്ചതോടെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ഇപി ജയരാജന്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി. ഒരു വലി ജനസമൂഹത്തോട് കൃത്യമായി ആരോപണത്തെക്കുറിച്ച് വിശദീകരിക്കേണ്ട ഗതികേടിലായിരിക്കുകയാണ് സിപിഎം.
എ വിജയരാഘവന്റെ യാത്രയില്‍ ജനപങ്കാളിത്തം പോലും പേരിനായത് സിപിഎമ്മിന് ജനങ്ങള്‍ക്കിടയിലുണ്ടായ അവമതിപ്പിന് ഉദാഹരണമായിരുന്നു. ഒരുഘട്ടത്തിലും പ്രതിപക്ഷത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ബിനോയി വിശ്വത്തിന്റെ യാത്രയാകട്ടെ എവിടെയെത്തിയെന്നുപോലും ആര്‍ക്കും അറിഞ്ഞുകൂട. ഇതോടെ രാഷ്ട്രീയ ചലനം സൃഷ്ടിക്കുന്ന കാര്യത്തില്‍ ചെന്നിത്തലയും ഐശ്വര്യ കേരളയാത്രയും ബഹുദൂരം മുന്നിലായി.