കാട്ടാക്കട : നെയ്യാർ ഡാമിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്ത ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടന വേദിയിലേക്ക് ഭരണ പക്ഷ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തിയ മാർച്ചിൽ ഉന്തും തള്ളും. വേദിക്കു സമീപം പോലീസ് വലയം തീർത്ത് പ്രതിഷേധക്കാരെ തടഞ്ഞ ശേഷം മറ്റൊരു വഴിയേ പ്രതിഷേധക്കാരുടെ മുന്നിലൂടെ മന്ത്രിയെ വേദിയിൽ എത്തിച്ചു. മന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തുമ്പോഴാണ് പ്രവർത്തകർ പോലീസിനെ തള്ളി മാറ്റി മുന്നേറാൻ ശ്രമിച്ചത്.
എന്നാൽ നേതാക്കൾ ഇടപ്പെട്ട് ശാന്തരാക്കി. ചടങ്ങിലേക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സമരക്കാർ കൂക്കി വിളിച്ചു. വനം വകുപ്പിൽ പത്തു മുതൽ മുപ്പത് വർഷത്തിലേറെയായി ജോലി നോക്കുന്ന കരാർ തൊഴിലാളികളെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിലും സെക്രട്ടേറിയറ്റ് പടിക്കലും പലവട്ടം സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതേ തുടർന്നാണ് മന്ത്രിയുടെ പൊതു പരിപാടി ബഹിഷ്കരിക്കാനും മന്തി പങ്കെടുക്കുന്ന വേദികളിലേക്ക് മാർച്ച് നടത്താനും എഐടിയുസി തീരുമാനിച്ചത്. മന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും വഴിയിൽ തടയുമെന്നും സൂചന ലഭിച്ചതിനാൽ വിവിധ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തിൽ നിന്നും മന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്ന സമര മുറകളിൽ നിന്നും പിന്തിരിയണമെന്ന് സിപിഐ നേതൃത്വം സമരക്കാരോടു നിർദേശിച്ചു.
ഇതിനു ശേഷമാണ് മാർച്ചിൽ പ്രതിഷേധമൊതുക്കിയത്. സമരക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് 23ന് ചർച്ച ചെയ്യുമെന്ന് സിപിഐ നേതൃത്വം ഉറപ്പ് നൽകി. ഇതോടെ മന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിക്കാനുള്ള കടുത്ത തീരുമാനത്തിൽ നിന്ന് സമരക്കാർ പിന്തിരിഞ്ഞു. മന്ത്രി പങ്കെടുത്ത ചടങ്ങ് ,സിപിഐ ജന പ്രതിനിധികളും നേതാക്കളും ബഹിഷ്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. സമരം ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ചന്ദ്രൻ,കൃഷ്ണ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.