റാന്നി: തൊഴിലാളികള്‍ക്ക് മാന്യമായ തൊഴിലും വേതനവും ഉറപ്പാക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി 17ന് എഐടിയുസി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം കെ.പി.രാജേന്ദ്രൻ ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥ യ്ക്ക് റാന്നിയില്‍ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സുരക്ഷയും സാമൂഹിക നീതിയും ഉറപ്പാക്കണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് വ്യവസായവും തൊഴിലും മെച്ചപ്പെടുത്തി കൊണ്ടുപോകാൻ കഴിയും വിധം സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ കൂടുതൽ തുക വകയിരുത്തണം. പൊതു വിപണിയിൽ വിലക്കയറ്റം നിയന്ത്രിച്ചിരുന്ന സപ്ലൈക്കോയുടെ പ്രതിസന്ധി പരിഹരിക്കണം, നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രവും സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം, കോവിഡ് നാളുകളിലെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയവയിൽ സംസ്ഥാന സർക്കാരും നൽകാനുള്ള പണം ലഭിച്ചാൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയും.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കേന്ദ്രസേന ഉപയോഗിച്ച ഹെലികോപ്റ്റർ വാടക ഇനത്തിൽ 132.67 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്ടന്‍ സി.പി മുരളി, ഡയറക്ടര്‍ അഡ്വ.ആര്‍ സജീലാല്‍, അംഗങ്ങളായ കെ.എസ് ഇന്ദുശേഖരന്‍ നായര്‍, പി.വി സത്യനേശന്‍, അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ.ജി ലാലു, എ.ശോഭ, ജില്ലാ സെക്രട്ടറി ഡി.സജി, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ കെ. സതീഷ്, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, ടി.ജെ ബാബുരാജ്, ടി.പി അനില്‍കുമാര്‍, വി.ടി ലാലച്ചന്‍, സജിമോന്‍ കടയനിക്കാട്, ആര്‍ നന്ദകുമാര്‍, ജെയിംസ് ജോണ്‍, പി.പി സോമന്‍, നവാസ് ഖാന്‍, തെക്കേപ്പുറം വാസുദേവന്‍, അനില്‍ അത്തിക്കയം, വി.എസ് അജ്മല്‍, ആര്‍ മനോജ് കുമാര്‍, പി.എസ് മനോജ് കുമാര്‍, പി അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.