പത്തനംതിട്ട : കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ പെട്രോൾ-ഡീസൽ- ഗ്യാസ് വിലവർദ്ധനവിലൂടെ കേന്ദ്രവും വൈദ്യുതി ചാർജ്ജ് വർദ്ധനവിലൂടെ കേരളവും ജനങ്ങളെ കൊള്ളയടിക്കുകയാണ് ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ പറഞ്ഞു. പ്രവാസി മലയാളികളെ തീര്‍ത്തും അവഗണിക്കുകയാണ് സര്‍ക്കാര്‍. പ്രവാസികള്‍ നാട്ടിലെത്തുന്നത് പരമാവധി തടയുന്നതിനുവേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിന് ജില്ലാ നേതൃത്വയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 22-ാം തീയതി തിങ്കളാഴ്ച പത്തനംതിട്ട കളക്ട്രേറ്റിന് മുൻപിൽ ധർണ്ണാ സമരം നടത്തുന്നതിനും 24, 25 തീയതികളിൽ നിയോജക മണ്ഡലം, മണ്ഡലം തലത്തിൽ പ്രതിഷേധസമരങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സജി മാരുര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മുണ്ടപ്പള്ളി സുഭാഷ്, രാജു നെടുവേലിമണ്ണിൽ, ജോസ് പനച്ചക്കൽ, കൃഷ്ണകുമാർ, ബിജോയ് റ്റി മാർക്കോസ്, എബി തോമസ്, വിഷ്ണു, നിയോജക മണ്ഡലം പ്രസിഡൻറുമാരായ വിനീത് (തിരുവല്ല), കൃഷ്ണദാസ് കുറുമ്പകര(കോന്നി ), ജിതിൻ രാജ് (ആറൻമുള )എന്നിവർ സംസാരിച്ചു.