കൊച്ചി: കെ.മുരളീധരന്റെയും ബെന്നി ബെഹനാന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വാക്പോര് തുടരുകയാണ്. വാര്‍ത്താ സമ്മേളനം വിളിച്ച് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച ബെന്നി ബെഹനാനെതിരേ അജയ് തറയില്‍ രംഗത്തെത്തി. സ്വാര്‍ത്ഥ താത്പര്യം ലക്ഷ്യം വെച്ചുള്ളതായിരുന്നു ബെന്നി ബെഹനാന്റെ നീക്കം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതെങ്കിലും എംപിമാര്‍ക്ക് മോഹമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു. നേതൃത്വത്തോട് ആലോചിക്കാതെ വാര്‍ത്താ സമ്മേളനത്തിലൂടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹനാന് രാജിവെച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ടായിരുന്നു. പിന്നാലെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരനും രാജിവെച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുരളി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തെറ്റായ വാര്‍ത്തകള്‍ തനിക്കെതിരേ പ്രചരിക്കുന്നതിനാലാണ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതെന്ന് ബെന്നി ബെഹനാനും പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുമായി താന്‍ തര്‍ക്കത്തിലാണെന്ന പ്രചാരണം വേദനിപ്പിച്ചുവെന്നും രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.