കോഴഞ്ചേരി : ഒന്നിനും കൊള്ളാത്ത ഭൂമിയിൽ വീട് വച്ച് അവിടെ കൊയ്ത്ത് പാട്ടിന്റെ സ്മരണകളുണർത്തി കനനെല്ലിന്റെ വിളവെടുപ്പ്. ഇത് വ്യവസായിയും ജൈവകർഷകനുമായ പുല്ലാട്ടെ അജയകുമാറിന്റെ നേട്ടമാണ്. വീടെന്നാൽ ഫലഭൂയിഷ്ടമായ ഭൂമി മുഴുവൻ ചുറ്റിനും ഇന്റർലോക്ക് പാകി കോൺക്രീറ്റ് കൂടാരമാക്കുന്ന കാലത്താണ് ഒരു ഫലവും വിളയാത്ത ഭൂമിയെ അതിജീവനത്തിന്റെ കൊട്ടാരമാക്കി അജയകുമാര്‍ മാറ്റിയത്.
മത്സ്യം വിളയുന്ന ജലാശയവും പിന്നിലും മുൻപിലും കണികാണാൻ കറവപ്പശുക്കളുടെ തൊഴുത്തും നിർമ്മിച്ച വീടിന്റെ ചുറ്റിലുമാണ് വൈവിധ്യമാർന്ന കാർഷിക വിളകൾ സമൃദ്ധമായി നിൽക്കുന്നത്. ആദ്യം വിളവെടുത്തതാകട്ടെ മുപ്പത്ത് സെന്റോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത കനെല്ലും. നാടൻ നെൽവിത്ത് വിതച്ച് ഗോമൂത്രവും ചാണകവും വളമായി നൽകി. കീടങ്ങളുടെ ആക്രമണമുണ്ടായെങ്കിലും കീടനാശിനി പ്രയോഗിച്ചില്ല. മഞ്ഞക്കെണിയും ജൈവ നിവാരണ മാർഗ്ഗങ്ങളും അവലംബിച്ചു. മനുഷ്യ പ്രയത്നത്താൽ കൊയ്തെടുത്തു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നടത്തിയതാകട്ടെ രാജു ഏബ്രഹാം എംഎൽഎയും.
സംസ്ഥാന സർക്കാരിന്റെ കൃഷി വികസന പദ്ധതികൾക്ക് അജയനെപ്പോലെയുള്ളവർ നൽകുന്ന സഹായം വളരെ വലുതാണെന്നും ഏറെ അഭിമാനത്തോടെയാണ് ഈ കര്‍ഷകനോടോപ്പം നില്‍ക്കുന്നതെന്നും രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, കൃഷി അസി ഡയറക്ടർ സി അമ്പിളി, കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടർ സി പി റോബർട്ട്, സ്പെഷ്യലിസ്റ്റുകളായ വിനോദ് മാത്യു, സിന്ധു സദാനന്ദൻ, എഴുമറ്റൂർ കൃഷി ഓഫീസർ മാത്യു ഏബ്രഹാം, ഫാൻസി നാസർ, ശ്രീകുമാരി, അജിത് പുല്ലാട് തുടങ്ങിയവർ പ്രസംഗിച്ചു.