തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച റിമാന്‍ഡ് പ്രതി അജിത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാര്‍ (37) ആണ് മരിച്ചത്. അറസ്‌റ്റിലാകുന്നതിന് മൂന്ന് ദിവസം മുന്‍പ് അജികുമാറിന് വീണ് പരിക്കേറ്റിരുന്നതായും ഇതേ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നുമാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, യുവാവിന് നേരെ അതിക്രമം ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അടിപിടി കേസില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അജികുമാറിനെ മണ്ണന്തല പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്‌തു. ജയിലിലായി മൂന്നാം ദിവസമാണ് യുവാവിന്റെ ആരോഗ്യനില മോശമായത്.
ഇതോടെ ജൂലൈ ആറാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. കസ്‌റ്റഡിയില്‍ എടുക്കുമ്പോള്‍ അജികുമാറിന്റെ കൈകാലുകളില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍, ഇത് ബന്ധുക്കള്‍ തള്ളി. കസ്‌റ്റഡിയില്‍ എടുക്കുമ്പോള്‍ അജികുമാറിന് യാതൊരു പരിക്കുകളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വാദം.
ആറാം തീയതിയാണ് പൂജപ്പുര ജയിലില്‍ നിന്ന് വിളിച്ച് അജികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയിലും കയ്യിലും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റതായി കണ്ടത്. എന്നാല്‍, ബന്ധുക്കളെ അധികനേരം കാണിക്കാന്‍ പോലീസ് അനുവദിച്ചില്ല എന്നത് ദുരൂഹത ഉണര്‍ത്തുന്നു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അജികുമാറിന്റെ അമ്മ ശാന്ത മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.