തിരുവനന്തപുരം : എംഎൽഎമാർക്ക് കൂറുമാറാൻ എൻസിപി നേതാവ് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി അജിത് പക്ഷം. കേരളത്തിലെ ഒരു എംഎൽഎയ്ക്കും കൂറ് മാറാൻ പണം വാഗ്ദാനം ചെയ്തിട്ടില്ല എന്ന് എൻസിപി ജനറൽ സെക്രട്ടറി ബ്രിജ് മോഹൻ ശ്രീവാസ്തവ പറഞ്ഞു. ഇതിനായി ഒരു എംഎൽഎയെ പോലും ബന്ധപ്പെട്ടിട്ടില്ല. കോഴ നൽകി എംഎൽഎമാരെ പാർട്ടിയിൽ ചേർക്കേണ്ട ആവശ്യം അജിത് പവാറിന് ഇല്ലെന്നും ശ്രീവാസ്തവ പറഞ്ഞു. കൂറുമാറാൻ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി നേരത്തെ തോമസ് കെ തോമസ് രംഗത്തെത്തിയിരുന്നു.
ആർഎസ്പി-ലെനിനിസ്റ്റ് പാർട്ടി നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജു എന്നിവർക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയതുവെന്നാണ് ആരോപണം. ഇരുവർക്കും 50 കോടിവീതം വാഗ്ദാനം ചെയ്തെന്നാണ് വാദം. എന്നാൽ സംഭവത്തിന് പിന്നിൽ ആന്റണി രാജുവാണെന്നും മന്ത്രിസ്ഥാന തർക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് കെ തോമസ് പറഞ്ഞു. ശരദ് പവാർ പക്ഷത്തു നിൽക്കുന്ന താൻ എങ്ങനെ അജിത് പവാറിൻ്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു.
100 കോടി കൊടുക്കണമെങ്കിൽ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കോഴ വാഗ്ദാനം ചെയ്തെന്ന പരാതി നിലനിൽക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇരു എംഎൽഎമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ കോഴ വാഗ്ദാനം ശരിവെച്ചായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. എന്നാൽ വാദങ്ങൾ കോവൂർ കുഞ്ഞുമോൻ തള്ളിയെന്നുമാണ് വിവരം.