ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മുഖ്യ പങ്കാളിത്തമില്ലാത്ത ഒരു പ്രതിപക്ഷ നിരക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി.2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല. കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം ഉണ്ടാക്കാമെന്ന് പറയുന്നവര്‍ സ്വപ്നജീവികളാണെന്നും ആന്‍റണി പറഞ്ഞു. ജനാധിപത്യത്തില്‍ സ്ഥിരം കസേരകള്‍ ആര്‍ക്കും ലഭിക്കില്ല. ലോകത്തെ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇത്രയും കാലമായി കോണ്‍ഗ്രസ് നിലനില്‍ക്കുന്നുണ്ട്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ എല്ലാ വാര്‍ഡുകളിലും അഞ്ച് പ്രവര്‍ത്തകരെങ്കിലും ഉള്ള പാര്‍ട്ടിയാണ് ഇന്ന് കോണ്‍ഗ്രസ്.
ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് ഉണ്ടാക്കാമെന്ന് ആരെങ്കിലും കരുതേണ്ട. നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ നേതൃത്വമില്ലാത്ത പാര്‍ട്ടി, കോണ്‍ഗ്രസ് അല്ലെന്നും ആ കോണ്‍ഗ്രസിലൂടെ അണികളുണ്ടാവില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ തിരിച്ചു വരുമെന്നും അതിനുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെന്നും ആന്‍റണി വ്യക്തമാക്കി.
നെഹ്റു കുടുംബത്തെ തനിക്ക് ഒരിക്കലും മറക്കാനാവില്ല. ദേശീയ രാഷ്ട്രീയത്തില്‍ താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ നെഹ്റു-ഗാന്ധി കുടുംബമാണ്. ഇന്ദിര ഗാന്ധി കൈപിടിച്ചുയര്‍ത്തി. അതിനിടെ ഇന്ദിര ഗാന്ധിയും താനും വേര്‍പ്പെട്ടു. തിരിച്ചു വന്നപ്പോള്‍ മറ്റ് ആരോടും കാണിക്കാത്ത പരിഗണന തനിക്ക് നല്‍കി. കേരളത്തിലെ കോണ്‍ഗ്രസ് ലയന സമ്മേളനത്തില്‍ മാത്രമാണ് ഇന്ദിര പങ്കെടുത്തത്. ഇന്ദിരക്ക് പിന്നാലെ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്നും പരിഗണനയും സൗഹൃദവും ലഭിച്ചു.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും തന്‍റെ വകുപ്പുകളില്‍ ഇടപെട്ടിട്ടില്ല. പ്രതിപക്ഷം അവരുടെ ചുമതല എന്ന നിലയിലാണ് ആക്രമണം നടത്തിയത്. അപ്പോഴും വ്യക്തിപരമായ സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്നും എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.