കോഴിക്കോട്: സിപിഎം സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. സെമിനാറുമായി ബന്ധപ്പെട്ട് ഇതുവരെ ഇ.പി.ജയരാജന്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന് ബാലന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഇല്ലാത്ത പ്രതിഷേധം നിങ്ങള്‍ക്ക് എന്തിനാണ്? കേന്ദ്രകമ്മിറ്റി അംഗവും ജന്‍മനാ കോഴിക്കോട്ടുകാരനുമായ താന്‍ ഈ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ നിങ്ങള്‍ക്ക് വിഷമം ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
‘ഈ സെമിനാറിന്റെ മഹിമയെ, തെളിമയെ ഇല്ലാതാക്കുന്നതിനു വേണ്ടി നിങ്ങള്‍ കണ്ടുപിടിച്ച ഒരു ദുഷ്ട മനസിന്റെ ഭാഗമായിട്ടാണ് ഈ വിവാദം നിങ്ങള്‍ കുത്തിപ്പൊക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന ഒരു പരിപാടിക്ക് ഞങ്ങള്‍ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കാറില്ല. പാര്‍ട്ടിക്ക് മൊത്തം അതില്‍ പങ്കെടുക്കാം. ആ വേദിയില്‍ ആരാണ് സംസാരിക്കേണ്ടത് എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അവര്‍ സംസാരിക്കും. അതാണ് സാധാരണ സംഭവിക്കാറുള്ളത്. ഇ.പി.ജയരാജന് ഇന്ന് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കാനുണ്ട്. അതിന് അദ്ദേഹം ഇവിടെ വന്നിരിക്കുന്നു. അത് അദ്ദേഹം നിര്‍വഹിക്കും. അതിനെ നിങ്ങള്‍ നന്നായി പ്രോത്സാഹിപ്പിക്കുക എന്നല്ലാതെ, അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് എന്തിനാണ് ഈ കുശുമ്പും കൊണ്ട് നടക്കുന്നത്? എനിക്ക് മനസിലാകുന്നില്ല. അതൊന്ന് അവസാനിപ്പിക്കൂ. ഈ ദുഷിച്ച മനസ്സൊന്ന് അവസാനിപ്പിക്കൂ.’ – എ.കെ.ബാലന്‍ പറഞ്ഞു.