തിരുവനന്തപുരം : പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടുവന്നാൽ പരിഗണിക്കാമെന്ന് മന്ത്രി എ.കെ ബാലൻ. ഗോപിനാഥ് ഒറ്റപ്പെടില്ല. പാലക്കാട്ടെ മാന്യനായ കോൺഗ്രസുകാരനാണ് ഗോപിനാഥനെന്നും എ.കെ ബാലൻ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുവരുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അന്നേരം ഞങ്ങള്‍ പരിശോധിക്കും. ഇപ്പോള്‍ അദ്ദേഹം നല്ല കോണ്‍ഗ്രസുകാരനായിട്ട് തന്നെയാണ് ജീവിക്കുന്നത്. എല്‍.ഡി.എഫിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം വ്യക്തമാക്കട്ടേയെന്നും എ.കെ ബാലന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്, ഗോപിനാഥ് ചിന്തിക്കുന്നത് പോലെ ഒരുപാട് കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നുണ്ടെന്നും ആ പാര്‍ട്ടി തന്നെ തകര്‍ന്നുപോയെന്നും എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട്ട് ഷാഫി പറമ്പിലിനെതിരെ എ.വി ഗോപിനാഥ് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രി ബാലന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി ഗോപിനാഥ് പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോൺഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം. തന്‍റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണം. പൊതുപ്രവർത്തനം നിർത്താനാകില്ല. ഒന്നു വിളിക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ഷാഫി പറമ്പിലുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.