തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനമല്ല, ആരിഫ് മുഹമ്മദ്‌ഖാന്റെ ഗവര്‍ണറായുള്ള നിയമനമാണ് രാഷ്‌ട്രീയ നിയമനമെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായ എ.കെ. ബാലന്‍. ഇന്നലെ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. “പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല എന്താണു നിയമവിരുദ്ധമായി ചെയ്‌തതെന്നു ഗവര്‍ണര്‍ വ്യക്‌തമാക്കേണ്ടതുണ്ട്. ഗവര്‍ണര്‍ എന്ന നിലയില്‍ ചാന്‍സലറുടെ നോമിനി അംഗമായ ഇന്റര്‍വ്യൂ പാനല്‍ അംഗീകരിച്ചതും ആരും അഭിപ്രായവ്യത്യാസം രേഖപ്പെടുത്താത്തതുമായ പാനലിന്റെ നിഗമനത്തെ സംശയിക്കാന്‍ എങ്ങനെയാണു കഴിയുന്നത്? സര്‍വകലാശാല സിന്‍ഡിക്കറ്റ് ഏകകണ്‌ഠമായി അംഗീകരിച്ച പാനലാണ് അത്.
മൂന്നു സബ്‌ജക്‌ട് കമ്മിറ്റി വിദഗ്‌ധരും ഒരു ലാംഗ്വേജ് ഡീനും ഗവര്‍ണറുടെ നോമിനിയുമടങ്ങിയ ഇന്റര്‍വ്യൂ പാനലിനെയാണ് സിന്‍ഡിക്കറ്റ് അംഗീകരിച്ചത്. ഇന്റര്‍വ്യൂവില്‍ പ്രിയ വര്‍ഗീസിന് അനര്‍ഹമായ മാര്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ റെക്കോര്‍ഡ്. ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസിന്റെ പ്രകടനം മോശമാണെങ്കില്‍ ഈ സംവിധാനംവഴി വ്യക്‌തമാക്കാമല്ലോ. ആ പരിശോധന നടത്താതെ ഇന്റര്‍വ്യൂ പാനലിന്റെ നിഗമനത്തെ ചോദ്യംചെയ്‌ത് അതിനെ സ്‌റ്റേ ചെയ്യാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം എന്താണ്.
മന്ത്രിസഭയ്‌ക്ക് അപ്പുറമുള്ള ഉപദേശം സ്വീകരിക്കല്‍ ഗവര്‍ണറുടെ പരിധിയില്‍ വരുന്നതല്ല. കണ്ണൂര്‍ സര്‍വകലാശാല ആക്‌ട് പ്രകാരം ഗവര്‍ണര്‍ ചാന്‍സലറായി വരുന്നതു സംസ്‌ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്. ആ നിയമത്തിനു വിധേയമായി മാത്രമേ ചാന്‍സലര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കണ്ണൂര്‍ സര്‍വകലാശാല ആക്‌ട് സെക്‌ഷന്‍ 7 (3)ന്റെ ലംഘനമാണ് ഗവര്‍ണര്‍ നടത്തിയിട്ടുള്ളത്. സര്‍വകലാശാല നടത്തുന്ന ഏതു നിയമവിരുദ്ധ പ്രവൃത്തിയും റദ്ദുചെയ്യാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതു സ്വാഭാവികനീതി ഉറപ്പാക്കിക്കൊണ്ടാകണം.
ഇവിടെ സിന്‍ഡിക്കേറ്റ് ഏകകണ്‌ഠമായി അംഗീകരിച്ച റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യുന്നതിനുമുമ്ബ് കാരണംകാണിക്കല്‍ നോട്ടീസ് കൊടുത്തിട്ടില്ല. ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിക്കേണ്ടത് ആധികാരിക ഭരണഘടനാ സ്‌ഥാപനങ്ങള്‍ വഴിയാണ്; അറ്റോര്‍ണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ വഴി. സ്വകാര്യ നിയമോപദേശത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിയമപരമായ തീരുമാനമെടുക്കുമ്ബോള്‍ ഭരണഘടനാ സ്‌ഥാപനങ്ങളായ അറ്റോര്‍ണി ജനറല്‍, അഡ്വക്കറ്റ് ജനറല്‍ എന്നിവയെയാണ് അവിശ്വസിക്കുന്നത്”-ബാലന്‍ ചൂണ്ടിക്കാട്ടി.