കോന്നി : കോന്നിയുടെ വിനോദ സഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾ കാലക്രമേണ നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കോന്നിയിലെ ടൂറിസം വികസനത്തിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അധികം താമസിയാതെ കോന്നിയിൽ ഒരു ശില്പ ശാല സംഘടിപ്പിക്കും.ഈ ശില്പശാലയിൽ ഉരുത്തിരിയുന്ന വിഷയങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിച്ചായിരിക്കും കോന്നിയുടെ വിനോദ സഞ്ചാര മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ പോകുന്നത്.
ശില്പശാല സംഘടിപ്പിച്ച് നടപ്പാക്കാന് പോകുന്ന പദ്ധതികൾക്കു രൂപം നൽകിയ ശേഷം മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും ഇത് കോന്നിയിൽ നടപ്പാക്കുന്നത്.കൂടാതെ കോന്നി ആനത്താവളത്തിൽ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ചും ആലോചിക്കും. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ബാംബൂ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഇതുവരെ തുറന്ന് നൽകുവാൻ കഴിഞ്ഞില്ല. ബാംബൂ കോർപ്പറേഷൻ ഈ കെട്ടിടം നിർമ്മാണം പൂർത്തിയാക്കി വനം വകുപ്പിന് കൈമാറാത്തത് കൊണ്ടാണ് കെട്ടിടം ഉദ്ഘാടനം വൈകുന്നതെന്നും വനം മന്ത്രി പറഞ്ഞു.
അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സി സി എഫ് സഞ്ജയൻ കുമാർ,കോന്നി ഡി എഫ് ഓ ആയുഷ് കുമാർ മോറി,കോന്നി റേഞ്ച് ഓഫീസർ റ്റി അജികുമാർ,കെ എഫ് ഡി സി ചെയർപേഴ്സൺ ലതിക സുഭാഷ്,തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡൻറ് കെ കുട്ടപ്പൻ, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പത്മഗിരീഷ്,സന്തോഷ് സൗപർണിക,ബൈജു മാത്യു,ഷിബു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടവഞ്ചി സവാരി നടത്തിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.