തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുന്‍ മന്ത്രി പി.കെ ശ്രീമതിക്കും എതിരെ പോലീസില്‍ പരാതി. ഇരുവര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചത്.
എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ സിപിഎം – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. വലിയ ശബ്ദം കേട്ടെന്നും താന്‍ ഞെട്ടിപ്പോയെന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. എന്നാല്‍, ഫോറന്‍സിക് പരിശോധനയില്‍, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയായിരുന്നു. അതേസമയം പടക്കമെറിഞ്ഞവരെ പിടികൂടാന്‍ ഇനിയും പോലീസിന് സാധിച്ചിട്ടില്ല.
എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാത്തതില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇ.പി ജയരാജന്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കൂടാന്‍ ആയില്ലലോ എന്നാണ് നേരത്തെ ചോദിച്ചത്. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പലരും മാറി ഭരിച്ചിട്ടും പിടിച്ചോ?എന്നാണ് ഇപി പ്രതികരിച്ചത്. എകെജി സെന്റര്‍ ആക്രമണം പോലീസ് കൃത്യമായി അന്വേഷിക്കുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. സുധാകരനെ പോലെ തരം താഴാന്‍ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിര്‍മ്മിക്കാനും എറിയാനും അറിയില്ല’, ഇപി ജയരാജന്‍ പറഞ്ഞു.