തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍ ജയില്‍ മോചിതനായി. ഇടതുപക്ഷ സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എകെജി സെന്റര്‍ ആക്രമണ കേസില്‍ തന്നെ കുടുക്കിയതെന്നും കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ ആരോപിച്ചു. നിരപരാധിയായ തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ട കേസ് നല്‍കുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങവെ ജിതിന്‍ പറഞ്ഞു.
കേസിന്റെ ഭാഗമായി വീട്ടുകാരെയും അയല്‍ക്കാരെയും പോലീസ് വേട്ടയാടിയെന്നും ജിതിന്‍ ആരോപിച്ചു. പോലീസ് പറയുന്ന സമയത്ത് തിരുവനന്തപുരം ഗൗരീശപട്ടത്ത് ഊബര്‍ ഓടുകയായിരുന്നു. വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകീട്ട് ഊബര്‍ ഓടിക്കുന്നതാണ്. പോലീസ് പറയുന്ന സമയത്ത് വാഹനത്തില്‍ യാത്രക്കാരുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട്. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ഫോട്ടോകളാണ് ടീഷര്‍ട്ട് തെളിവെന്ന് സ്ഥാപിക്കാന്‍ അന്വേഷണ സംഘം ഉപയോഗിച്ചതെന്നും മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ജിതിന്‍ വിശദീകരിച്ചു.
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് ഈ അന്വേഷണം നടത്തിയത്. പടക്കമേറിന്റെ യഥാര്‍ഥ സൂത്രധാരന്‍മാര്‍ എകെജി സെന്ററില്‍ ഇരുന്ന് കേസ് അന്വേഷണത്തെ നിയന്ത്രിക്കുകയാണ്. ഈ സംഭവം നടക്കുന്നതിന് മുന്‍പും അതിനു ശേഷവുമുള്ള സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ പ്രതികളെ കണ്ടെത്താവുന്നതേയുള്ളൂ. അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പോലീസിനില്ല. കള്ളക്കേസിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെപിസിസി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.