കൊച്ചി: സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ കേന്ദ്ര ജി എസ് ടി, കസ്റ്റംസ്, ഇലക്ഷന്‍ കമിഷന്‍ ഉദ്യോഗസ്ഥരുടെ റെയ്ഡുകളും സ്വര്‍ണം പിടിച്ചെടുക്കുന്ന നടപടികളും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യങ്ങളില്‍ കച്ചവടമില്ലാതെ നട്ടം തിരിയുന്ന വ്യാപാരികളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്കാണിത് കൊണ്ടുപോകുന്നത്.
കൃത്യമായ കണക്കുകള്‍ ഹാജരാക്കിയാല്‍പോലും സ്വര്‍ണം കണ്ടുകെട്ടുന്ന ഇലക്ഷന്‍ കമ്മീഷന്റെ നിലപാട് അംഗീകരിക്കാനാവില്ല. കണക്കുകള്‍ നോട്ടീസ് നല്‍കി വിളിപ്പിച്ച് വ്യാപാരികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി വന്‍പിഴ ചുമത്തുന്നതും അംഗീകരിക്കാന്‍ കഴിയില്ല. പുതിയ ആഭരണങ്ങള്‍ക്ക് പകരമായി ഉപഭോക്താക്കള്‍ നല്‍കുന്ന പഴയ സ്വര്‍ണം ശുദ്ധമാക്കി വ്യാപാരികള്‍ നിര്‍മാതാക്കള്‍ക്ക് നല്‍കുന്നതിന് കൊണ്ടുപോകുമ്പോള്‍ പിടിച്ചെടുക്കുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്ന സ്വര്‍ണം വിട്ടയക്കുകയും പഴയ സ്വര്‍ണം ഉരുക്കി നല്‍കുന്നത് പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടി യുക്തിരഹിതമാണ്. തൃശൂരില്‍ കഴിഞ്ഞ ദിവസം എല്ലാ രേഖകളുമായി പഴയ സ്വര്‍ണം ഉരുക്കി കൊണ്ടുപോയ ആളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി ജയിലിലടച്ച നടപടിയില്‍ എകെജിഎസ്‌എംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോഴിക്കോട് എല്ലാ രേഖകളും , ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക അനുമതി സഹിതം കൊണ്ടുവന്ന സ്വര്‍ണം റെയില്‍വേ പോലീസ് പിടികൂടി കസ്റ്റംസിനെ ഏല്‍പിച്ചിരിക്കുന്നു. രാത്രി എട്ടു മണിക്ക് കടകള്‍ അടയ്ക്കുന്ന സമയം നോക്കി റെയ്ഡിനിറങ്ങുന്ന ഉദ്യോഗസ്ഥര്‍ വളരെ വൈകിയാണ് അവസാനിപ്പിക്കുന്നത്. ഇത് വ്യാപാരികളുടെ സ്വാതന്ത്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും സംഘടന ആരോപിച്ചു.
എല്ലാ കേന്ദ്ര ഏജന്‍സികളും സ്വര്‍ണ മേഖലയെ മാത്രം ഉന്നംവക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ സ്വര്‍ണ വ്യാപാരം ചെയ്യുന്നതിന് ഇനി എന്ത് അനുമതിയാണ് വേണ്ടതെന്ന് വ്യക്തമാക്കണം. റെയ്ഡും, അനാവശ്യ പരിശോധനകളും, സ്വര്‍ണം കണ്ടുകെട്ടലും തുടര്‍ന്നാല്‍ സ്വര്‍ണക്കടകള്‍ അടച്ചിടുന്നതുള്‍പെടെയുള്ള പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ സെക്രടെറി സുരേന്ദ്രന്‍ കൊടുവള്ളി, ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.