ലഖ്നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്ടോപ്പ് പോലും ഉപയോഗിക്കനറിയില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. 2017 ൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പും ടാബ്ലെറ്റും വിതരണം ചെയ്യുമെന്ന യോഗി ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് പറയുമ്പോഴാണ് അഖിലേഷിന്‍റെ പരാമർശം. ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും നേരത്തെ വിതരണം ചെയ്തിരുന്നുവെങ്കിൽ അത് ഉപയോഗിക്കാനെങ്കിലും മുഖ്യമന്ത്രി പഠിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അസംഗ്രാഹ് മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അഖിലേഷിന്‍റെപരാമർശം.
2017 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ നൽകുമെന്ന് പറഞ്ഞിരുന്നു. സൗജന്യ ഡാറ്റയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അറിയിച്ചത് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് ഉടൻ വിതരണം ചെയ്യുമെന്നാണ്. കഴിഞ്ഞ നാലര വർഷം ഈ ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. യുപിയിലെ 24 കോടി ജനങ്ങൾ യോഗി ആദിത്യനാഥിനെ പുറത്താക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ് അഖിലേഷ് യാദവ് പ്രസ്താവന നടത്തിയതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശർമ്മ പറഞ്ഞു.