ലഖ്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ക്വാറന്‍റീന്‍ ക്യാമ്പുകള്‍ പീഡന കേന്ദ്രമായെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി സര്‍ക്കാരിന്റെ അവഗണനയാണ് ഈ ക്യാമ്പുകളുടെ പരിതാപാവസ്ഥയ്ക്ക് കാരണമെന്നും അഖിലേഷ് യാദവ് പറയുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നടത്തുന്ന ചെലവുകളേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. പഞ്ചനക്ഷത്ര സൗകര്യങ്ങളെന്ന് വീമ്പ് പറയുകയും ചെയ്തു. എന്നാല്‍ പീഡന ക്യാമ്പിന് സമാനമാണ് കാര്യങ്ങള്‍. ആളുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാത്ത രീതിയിലാണ് ക്യാമ്പിലെ കാര്യങ്ങള്‍ പോവുന്നത്. ഈ കേന്ദ്രങ്ങളില്‍ മൃഗങ്ങളെ പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ക്യാമ്പുകളുടെ ശോചനീയാവസ്ഥയില്‍ ഡോക്ടര്‍മാരും നഴ്സുമാരും കുടിയേറ്റ തൊഴിലാളികളും പ്രതിഷേധിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ കിടക്കയില്‍ പാമ്പ് വരെ കയറുന്ന സ്ഥിതിയുണ്ടായി. ഗോണ്ടയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ ഒരു കൗമാരക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.
മോശമായ ഭക്ഷണമാണ് ഈ ക്യാമ്പുകളില്‍ നല്‍കുന്നത്. സര്‍ക്കാരിന് ബസിനെ ചൊല്ലിയുള്ള വിവാദത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നും അഖിലേഷ് യാദവ് വെള്ളിയാഴ്ച പ്രതികരിച്ചു. ആളുകൾക്ക് താമസിക്കാൻ പറ്റാത്തിടത്ത് തൊഴിലാളികളെ പാർപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ അവരെ മൃഗങ്ങളാക്കുകയാണ്, സര്‍ക്കാരിന്റെ നിസംഗതയാണ് ഈ കാര്യങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നുമാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്.