ഓയൂര്‍ : ക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടനത്തെ തുടര്‍ന്ന് പാറക്കഷണം സമീപത്തെ വീട്ട് മുറ്റത്തേക്ക് വീണു. വെളിയം മാലയില്‍ കമല്‍ വിഹാറില്‍ ഫിറോസ് കുമാറിന്റെ വീട്ടുമുറ്റത്താണ് വലിയ പാറക്കഷണങ്ങള്‍ പതിച്ചത്.
ആക്കാവിള പാറക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാറഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. സമീപത്തുള്ള മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉഗ്രശബ്ദത്തില്‍ പാറക്കഷണങ്ങള്‍ പതിച്ചത്. പാറ ഉടമകള്‍ ക്വാറിക്ക് ലൈസന്‍സ് എടുക്കുന്നതിനുവേണ്ടി അനുമതിപത്രം വാങ്ങുന്നതിന് വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന രീതിയില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. അതിന്റെ ബലത്തിനാണ് ലൈസന്‍സ് എടുത്തതും ഖനനം നടത്തുന്നതും. ഉഗ്ര സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം സമീത്തെ വീടുകളുടെ ഭിത്തികള്‍ പൊട്ടി നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പൂയപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍, ആര്‍ഡിഒ, വെളിയം വില്ലേജ് ഓഫിസര്‍, കൊട്ടാരക്കര തഹസില്‍ദാര്‍, വെളിയം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കും നേരിട്ടു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.